17 July Wednesday

തൂക്കുപാലത്തെ വായ്പ തട്ടിപ്പ‌്; ഒന്നാംപ്രതി ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

  

നെടുങ്കണ്ടം 
വായ്പ വാഗ്ദാനം നൽകി സ്വയം സഹായ സംഘങ്ങളിൽനിന്ന‌് പണം തട്ടിപ്പ് നടത്തിയ കേസിൽ പിടികിട്ടാനുള്ള ഒന്നാം പ്രതി കുമാറിനായി നെടുങ്കണ്ടം പൊലീസ‌് വിവിധ കേന്ദ്രങ്ങളിൽ തെരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടും മൂന്നും പ്രതികളായ ശാലിനി, മഞ്ജു എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. ഒന്നാം പ്രതി കുമാർ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചിരുന്ന ബാങ്ക് ചെക്കു ലീഫുകളും മുദ്രപ്പത്രങ്ങളും പൊലീസ് കണ്ടെത്തി. 
വായ‌്പയ‌്ക്ക‌് അപേക്ഷ നൽകിയവരിൽനിന്ന‌് പ്രതികൾ വാങ്ങിവച്ചിരുന്ന ചെക്ക‌് ലീഫും മുദ്രപ്പത്രങ്ങളുമാണ‌് കണ്ടെത്തിയത്. രണ്ടാം പ്രതി ശാലിനിയുടെ പക്കൽനിന്ന‌് പിടിച്ചെടുത്ത 1.15 ലക്ഷം രൂപ മാത്രമാണ് കണ്ടെത്താനായത‌്. 
ശാലിനിയുടെ ഭർത്താവ് ഒളിവിലാണ്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. തൂക്കുപാലത്ത‌് പ്രവർത്തിച്ചിരുന്ന ഹരിത ഫൈനാൻസ് എന്ന സ്ഥാപനത്തിൽ വായ്പയ്‌ക്ക‌് അപേക്ഷിച്ചവരിൽനിന്നാണ‌് 1000 മുതൽ 25000 രൂപ വരെ വായ്പ നൽകുന്നതിനുള്ള പ്രൊസസിങ് ഫീ ഇനത്തിൽ തട്ടിയെടുത്തത്. 24 സ്വയം സഹായ സംഘങ്ങളുടെ പരാതിയനുസരിച്ച് ഇതുവരെ 200 പേരുടെ പണം നഷ്ടപ്പെട്ടു. കൂടുതൽ വനിതാ സ്വയം സഹായ സംഘങ്ങൾ പരാതി നൽകാൻ എത്തുന്നുണ്ട്. കോടികളുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന‌് ലഭിക്കുന്ന വിവരം. 
 

  

 
പ്രധാന വാർത്തകൾ
 Top