19 May Sunday
കാട്ടാനകളുടെ ആക്രമണം

മരണപ്പെട്ട കൃഷ‌്ണന്റെ വീട് മന്ത്രി എം എം മണി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ച എസ‌് കൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ മന്ത്രി എം എം മണി ആശ്വസിപ്പിക്കുന്നു

 

 രാജാക്കാട് 
ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് ആദിവാസിക്കുടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ച എസ‌് കൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ മന്ത്രി എം എം മണി ആശ്വസിപ്പിച്ചു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷ‌്ണന്റെ സഹോദരങ്ങൾക്ക് മന്ത്രി ഉറപ്പുനൽകി. 
തൊഴിലാളിയായ കൃഷ്ണൻ ഞായറാഴ‌്ച പകൽ മൂന്നരയോടെ കൃഷിയിടത്തിൽ ഇഞ്ചി നടുന്നതിനിടെയാണ് കാട്ടുകൊമ്പന്മാരുടെ ആക്രമണത്തിന് ഇരയായത്. ബധിരനും മൂകനുമായ കൃഷ‌്ണൻ ഈ സമയം തനിച്ചായിരുന്നു. നാട്ടുകാർ ചക്കക്കൊമ്പൻ, അരിക്കൊമ്പൻ എന്നിങ്ങനെ വിളിക്കുന്ന രണ്ട് കാട്ടുകൊമ്പന്മാർ പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. തലയ്‌ക്കേറ്റ  ചവിട്ടും തുമ്പിക്കൈ കൊണ്ടുള്ള അടിയുമേറ്റ ഇയാൾ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ആനകളുടെ ചിന്നംവിളി കേട്ട് കുടിയിലെ മറ്റുള്ളവർ എത്തിയപ്പോഴാണ് കൃഷ്ണൻ ആക്രമിക്കപ്പെട്ടത് അറിഞ്ഞത്. ഏറെനേരം ആനകൾ മാറാതെ നിന്നതിനാൽ മൃതദേഹം പുറത്തെടുക്കാൻ വൈകി. 
കൃഷ്ണന്റെ മാതാപിതാക്കൾ പരേതരാണ‌്. അവിവാഹിതയായ സഹോദരി ഇയാളുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. സിപിഐ എം ശാന്തൻപാറ ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, സേനാപതി ശശി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top