16 July Tuesday
കോടതിയിൽ പറഞ്ഞാൽ കൊല്ലുമെന്ന്‌ ഭീഷണി

ആദിവാസികളെയും വനപാലകർ മർദിച്ച്‌ അവശരാക്കി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 കണയങ്കവയൽ

കണയങ്കവയൽ മേഖലയിൽ മൃഗവേട്ട നടത്തിയെന്ന കേസ്‌ ചുമത്തി ആദിവാസി യുവാക്കളെയും വനപാലകർ ക്രൂരമായി മർദിച്ചു. മർദനവിവരങ്ങൾ കോടതിയിൽ പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കൊമ്പുകുത്തി ചരളിൽ വീട്ടിൽ സഹോദരങ്ങളായ ചന്ദ്രൻ(23), ബിജു(25), രതീഷ്‌(22) എന്നിവർക്കാണ്‌ മാരകമായ മർദനമേറ്റത്‌. മലമ്പണ്ടാരം ആദിവാസി വിഭാഗത്തിൽപെട്ട ഇവർ വനവിഭവങ്ങൾ ശേഖരിച്ചാണ്‌ ജീവിക്കുന്നത്‌. തളർവാതം പിടിപ്പെട്ട്‌ ഇവരുടെ അമ്മ ജ്ഞാനമ്മ കിടപ്പിലാണ്‌.
ഏക സഹോദരി ബിന്ദുവിന്‌ മാനസികാസ്വാസ്ഥ്യവും. സഹോദരി പത്താംക്ലാസുവരെ പഠിച്ചു. തുടർന്നാണ്‌ അസുഖം ഉണ്ടാകുന്നത്‌. വനംവകുപ്പിൽ ഫയർവാച്ചർ ജോലി ചെയ്‌തുവരികയായിരുന്നുവെന്ന‌് ചന്ദ്രൻ പറഞ്ഞു. മാസം 16,000 രൂപ കിട്ടുമായിരുന്നു. ഏപ്രിൽ 28ന‌് പുലർച്ചെയാണ്‌ ഇവരേയും വീടുവളഞ്ഞ്‌ ആറംഗ വനപാലകസംഘം പിടികൂടുന്നത്‌. വാഹനത്തിലിട്ടും കുട്ടിക്കാനം വയർലെസ്‌ സ്‌റ്റേഷനിൽവച്ചും പീരുമേട്‌ റേഞ്ച്‌ ഓഫീസിൽവച്ചുമായിരുന്നു ക്രൂരമായ മർദനമുറകൾ നടത്തിയത‌്.
വനിതാ റേഞ്ച‌് ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു ഭേദ്യമുറകൾ. മാഡത്തിന്‌ നിങ്ങളെ കാണണമെന്ന്‌ പറഞ്ഞാണ്‌ പുലർച്ചെ ഇവരെ പിടികൂടിയത്‌. വയറ്റിൽ വേദനയാണെന്ന്‌ പറഞ്ഞിട്ടും നെഞ്ചിനും പുറത്തും ‌ഇട‌ിച്ചു. ഞങ്ങൾ ചെയ്യാത്ത കാര്യം സമ്മതിക്കാൻ ബുദ്ധിമുട്ടാണെന്ന്‌ പറഞ്ഞപ്പോൾ കൂട്ടമർദനമായിരുന്നുവെന്ന്‌ പീരുമേട്‌ സബ്‌ജയിലിൽ കഴിയുന്ന ചന്ദ്രൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.
 
 ‘നിങ്ങൾ ആദ്യം സമ്മതിക്കണം’ എന്ന്‌ പറഞ്ഞായിരുന്നു വനപാലക സംഘത്തിന്റെ മാറിമാറിയുള്ള മൂന്നാംമുറ. തേൻ ശേഖരിച്ച്‌ കിട്ടുന്നതുകൊണ്ട്‌ ജീവിക്കുന്ന കുടുംബമാണ്‌. തേൻ ഉൾപ്പെടെ വനവിഭവങ്ങൾ ശേഖരിച്ചാൽ വനപാലകർക്കും കൊടുക്കും. പണം കിട്ടിയാലായി. കടുത്ത ചൂഷണമാണ്‌ അനുഭവിക്കേണ്ടി വരുന്നതെന്നും ഇവർ പറയുന്നു.  ഇടിച്ച വിവരം കോടതിയിൽ മജിസ്‌ട്രേറ്റിന്‌ മുമ്പാകെ പറഞ്ഞാൽ കൊല്ലുമെന്നും തെളിയാതെ കിടക്കുന്ന കേസുകളെല്ലാം തലയിൽ കെട്ടിവയ്‌ക്കുമെന്നും പറഞ്ഞ്‌ അവശരാകുംവരെ മർദിച്ചു.
കണയങ്കവയൽ മേഖലയിൽ നടക്കുന്ന മൃഗവേട്ടയിൽ വൻ മാഫിയകൾക്ക്‌ ബന്ധമുണ്ടെന്ന‌് നാട്ടുകാർ പറയുന്നു. അവർക്കെതിരെ ചെറുവിരൽ അനക്കാത്ത വനപാലകസംഘം ആദിവാസികൾ ഉൾപ്പെടെയുള്ളവരെ പീഡിപ്പിക്കുകയാണെന്നാണ്‌ ഉയരുന്ന പരാതി. ഹൈറേഞ്ചിലെ വൻകിട ഹോട്ടലുകളിലും റിസോർട്ടുകളിലും കാട്ടുമൃഗങ്ങളുടെ മാംസം ലഭ്യമാണെന്ന വിവരം വനപാലകർക്ക്‌ കൃത്യമായി അറിയാമെങ്കിലും പിടികൂടാറില്ല. ഇത്തരം മാഫിയ സംഘവും കണയങ്കവയൽ മേഖലയിലുണ്ട്‌. മൃഗവേട്ടയുടെ പേരിൽ ആദിവാസി യുവാക്കളെ പിടികൂടി അപരിഷ്‌കൃതവും പ്രാകൃതവുമായ മർദനങ്ങൾ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്‌. തൊഴിലെടുത്ത്‌ ജീവിക്കാൻ കഴിയാത്ത വിധമാണ്‌ ഇടിച്ച്‌ അവരുടേയും കുടുംബത്തിന്റെയും ജീവിതം നശിപ്പിക്കുന്നത്‌.
 
 
പ്രധാന വാർത്തകൾ
 Top