23 May Thursday

റോഡരികിൽ തലമുടി വേസ‌്റ്റ‌് തള്ളി; 10,000 രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
തൊടുപുഴ
ബാർബർ ഷോപ്പിൽനിന്നുള്ള തലമുടി വേസ്റ്റ‌് പ്ലാസ്റ്റിക‌് ക്യാരിബാഗിനുള്ളിലാക്കി റോഡരികിൽ തള്ളിയ സ്ഥാപന ഉടമയ‌്ക്ക‌് തൊടുപുഴ നഗരസഭ ആരോഗ്യവിഭാഗം 10,000 രൂപ പിഴ അടയ‌്ക്കാൻ നോട്ടീസ‌് നൽകി. കോതായിക്കുന്ന‌് നഗരസഭ ബസ‌് സ്റ്റാൻഡിന‌് സമീപം പാർവതി ജെന്റ‌്സ‌് ബ്യൂട്ടി പാർലർ ഉടമയോടാണ‌് പിഴ അടയ‌്ക്കാൻ ഉത്തരവിട്ടത‌്. 
ഏതാനും ദിവസം മുമ്പാണ‌് പാറക്കടവിന‌് സമീപം റോഡരികിൽ ആറ‌് പ്ലാസ‌്റ്റിക‌് ക്യാരിബാഗുകളിലായി തലമുടി വേസ്റ്റ‌് തള്ളിയത‌്. ഇതിൽ ഒരു കൂട‌് പൊട്ടി പ്രദേശമാകെ തലമുടി വ്യാപിച്ചിരുന്നു. നാട്ടുകാരുടെ പരാതിയിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയ‌ിലാണ‌് വ്യക്തമായ തെളിവോടെ തലമുടി നിക്ഷേപിച്ച സ്ഥാപന ഉടമയെ കണ്ടെത്തിയത‌്. 
രാത്രിയിൽ തൊടുപുഴ നഗരസഭാ പരിധിയിൽ പലയിടങ്ങളിലും മാലിന്യംതള്ളുന്ന പ്രവണത വർധിക്കുന്നുണ്ട‌്. നിശ‌്ചിത ഫീസ‌് ഈടാക്കി സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും മാലിന്യം ശേഖരിക്കുന്നുണ്ട‌്. എന്നാൽ, പലരും ഇതിന‌് തയ്യാറാവാതെ വഴിയോരങ്ങൾ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാക്കുകയാണ‌്. മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്ന‌് അധികൃതർ അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top