24 June Monday

പിടയ‌്ക്കുന്ന ഡാം മീനുകൾ ഇനിമുതൽ മത്സ്യാരണ്യകത്തിൽനിന്നും

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 

 
ഇടുക്കി
ഇവിടെ നിന്ന‌് വാങ്ങുന്ന മീനിൽ മായം കലർത്തിയിട്ടുണ്ടെന്ന പേടി വേണ്ട... മാത്രമല്ല, പുഴ മത്സ്യം പോലെ ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തിൽ വളരുന്ന മത്സ്യങ്ങളുടെ രുചിത്തനിമ അറിയുകയും ചെയ്യാം. 
വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യ ജീവി സങ്കേതം ആരംഭിക്കുന്ന പുതിയ സംരംഭമായ ‘മത്സ്യാരണ്യകം' പദ്ധതിക്ക് വെള്ളാപ്പാറയിൽ തുടക്കമായി. ഡിഎഫ്ഒ സാബി വർഗീസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി അണക്കെട്ടിന്റെ സാക്ഷാൽക്കാരത്തിന് കാരണഭൂതനായ കൊലുമ്പന്റെ പിന്മുറക്കാരായ കൊലുമ്പൻ കോളനി നിവാസികൾ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടിൽനിന്നും മീൻ പിടിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങൾ വിറ്റഴിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വനംവകുപ്പ് പദ്ധതി ആരംഭിക്കുന്നത്. പൊതുസമൂഹത്തിന‌് മായമില്ലാത്ത ഡാം ഫിഷ് ലഭ്യതയ‌്ക്കനുസരിച്ച‌് നൽകുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
   ഏഴ‌് പേരടങ്ങുന്ന ഫിഷർമെൻ സബ് ഗ്രൂപ്പ് കൊലുമ്പൻ ഇഡിസി ആണ് മത്സ്യ വിപണന കേന്ദ്രം നടത്തുന്നത്. കൊലുമ്പൻ കോളനി ഊരുമൂപ്പൻ ടി വി രാജപ്പനും പ്രദേശവാസി തങ്കൻ തേക്കനാലും നേതൃത്വം നൽകുന്നു. വിൽപനയുടെ ആദ്യ ദിവസമായ ബുധനാഴ‌്ച 13.7 കിലോ മത്സ്യത്തിന് 3425 രൂപ ലഭിച്ചു. ഏഴ‌് പേർക്കും വിൽപന ദിവസംതന്നെ 230 രൂപ അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. ബാക്കി 20 രൂപ ഇവരുടെ ജോയ്ന്റ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. മത്സ്യങ്ങളുടെ പ്രജനന സമയങ്ങളിൽ ഈ തുക ഇവർക്ക് നിത്യോപയോഗത്തിനായി ചെലവഴിക്കാം. പരിപാടിയിൽ റേഞ്ച‌് ഫോറസ്റ്റ് ഓഫീസർമാരായ എം ജി വിനോദ്കുമാർ, അബ്ജു കെ അരുൺ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എസ‌് വിജയകുമാർ, ഉദയഭാനു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ‌് ജിഷാൻ, കെ ആർ സന്തോഷ്, ടി എ ബഷീർ, ജോർജ‌് വർഗീസ്, എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു. 
 
 

 

പ്രധാന വാർത്തകൾ
 Top