15 May Saturday
ചെറുതോണി പാലം

അലെെന്‍മെന്റ് മാറ്റാന്‍ കലക്ടറുടെ 
യോഗത്തില്‍ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021
ചെറുതോണി
പ്രതിഷേധങ്ങൾക്കൊടുവിൽ ചെറുതോണി പാലത്തിന്റെ അലൈൻമെന്റ് മാറ്റാൻ തീരുമാനമായി. കലക്ടർ എച്ച്‌ ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2018ലെ പ്രളയത്തെ തുടർന്നാണ് ചെറുതോണിയിൽ പുതിയ പാലം എന്ന ആവശ്യം ശക്തമായത്. അന്ന്‌ തയ്യാറാക്കിയിരുന്ന അലൈൻമെന്റ് അനുസരിച്ചുതന്നെ പാലം നിർമിക്കുന്നതിനാണ് വ്യാഴാഴ്ച കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്‌. 
 ഇതനുസരിച്ച് സെൻട്രൽ ജങ്ഷനിലുള്ള ട്രാഫിക് ഐലന്റ് പൂജ്യം പോയിന്റായി പരിഗണിച്ച് അലൈൻമെന്റ് നിർണയിക്കും. ടൗൺ രണ്ടായി വിഭജിച്ച്‌ ഇരുവശങ്ങളും കെട്ടിയുയർത്തി തയ്യാറാക്കിയ അലൈൻമെന്റാണ്‌ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചത്‌. നേരത്തെ തൊടുപുഴയിൽനിന്ന്‌ അടിമാലിക്കുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെ കട്ടപ്പന റൂട്ടിലെത്തി പുതിയ പാലത്തിലൂടെ സെന്റർ ജങ്ഷനിൽ വന്ന് അടിമാലി ഭാഗത്തേക്ക് പോകണമെന്നായിരുന്നു തീരുമാനം. ഇത് പൂർണമായും ഒഴിവാക്കി എല്ലാ ഭാഗത്തേക്കുമുള്ള വാഹനങ്ങൾക്ക് പുതിയ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാവുന്ന രീതിയിൽ രൂപരേഖയിൽ മാറ്റം വരുത്തും. 
രണ്ടു‌ ദിവസത്തിനുള്ളിൽ 2018ലെ അലൈൻമെന്റും പുതിയ പ്ലാനും തയ്യാറാക്കി സമർപ്പിക്കാൻ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ശനിയാഴ്ച വൈകിട്ട്‌‌ നാലിന്‌ കലക്ടറുടെ ചേമ്പറിൽ വീണ്ടും യോഗം ചേരും. പുതിയ പ്ലാനിനും അലൈൻമെന്റിനും ഈ യോഗത്തിൽ സർവകക്ഷി യോഗം ഭാരവാഹികൾ പരിശോധിച്ച് അംഗീകാരം നൽകും. ഇത്തരത്തിൽ പൂർണമായും ജനങ്ങളുടെ ആശങ്ക ദുരീകരിച്ച ശേഷം പാലം നിർമാണം ആരംഭിക്കും. 
   യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, സർവകക്ഷി യോഗം രക്ഷാധികാരി സി വി വർഗീസ്, സിപിഐ എം ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സാജൻ കുന്നേൽ, ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴികണ്ടം, ചെറുതോണി പ്രസ്‌ക്ലബ് പ്രസിഡന്റ് സജി തടത്തിൽ, റോഷി അഗസ്റ്റിൻ എംഎൽഎയുടെ പ്രതിനിധി ബിനോയി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top