27 May Wednesday
പത്തേക്കർ സ്ഥലം ഏറ്റെടുത്തു

മുട്ടം സ്‌പൈസസ്‌ പാർക്ക്‌ വ്യവസായ ഭൂപടത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 തൊടുപുഴ

തൊടുപുഴയ്‌ക്ക്‌ സമീപത്തെ തുടങ്ങനാട്‌ പ്രദേശം വൈകാതെ വ്യവസായ ഭൂപടത്തിലേക്ക്‌. മുട്ടം പഞ്ചായത്തിലെ തുടങ്ങനാട്‌ സ്ഥാപിക്കുന്ന സ്‌പൈസസ് പാർക്കിന്‌ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്ക്‌ വേഗമേറി. നാട്ടുകാരുടെ 13 വർഷത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ സ്‌പൈസസ്‌ പാർക്കിനായി മൂന്നു വ്യക്തികളിൽനിന്ന്‌ പത്തേക്കർ സ്ഥലം ഏറ്റടുത്തു. മാർച്ച്‌ 31നുള്ളിൽ പത്തേക്കർ സ്ഥലംകൂടി ഏറ്റെടുക്കും. 
പറച്ചിലിലല്ല, പ്രവൃത്തിയിലാണ്‌ കാര്യമെന്ന്‌ തെളിയിച്ചാണ്‌ വ്യവസായ വകുപ്പിന്റെ മുന്നേറ്റം. സമ്മതപത്രവും ആധാരങ്ങളും നൽകിയവരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സംസ്ഥാന സർക്കാർ ഏജൻസിയായ കിൻഫ്ര(കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്‌ കോർപറേഷൻ)യുടെ കീഴിലാണ‌് സ‌്പൈസസ‌് പാർക്ക‌് ഒരുങ്ങുന്നത‌്. സ്ഥലമേറ്റെടുക്കാൻ കിൻഫ്രയ്‌ക്ക്‌ 10 കോടി രൂപ അനുവദിച്ചിരുന്നു.
ഇടുക്കിയിൽ സ‌്പൈസസ‌് പാർക്ക‌് എന്ന ആശയം എൽഡിഎഫ‌് സർക്കാരാണ‌് കൊണ്ടുവന്നത‌്. കർഷകരെ ഇടനിലക്കാരുടെ നിരന്തര ചൂഷണത്തിൽനിന്ന്‌ രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഏലം, കുരുമുളക് എന്നിവയുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007 ലാണ്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. 
   തുടങ്ങനാട് വ്യവസായ പാർക്കിലെ 15.43 ഏക്കർ സ്ഥലവും ഏറ്റെടുത്തു. എന്നാൽ, തുടർനടപടികൾ വൈകി. ഭൂമി ഉടമകളുടെ എതിർപ്പിനെ തുടർന്ന് സ്ഥലം ഏറ്റെടുക്കൽ നിർത്തിവയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച പദ്ധതിയോട്‌ പിന്നീട് അധികാരത്തിലേറിയ യുഡിഎഫ് മുഖംതിരിച്ചു. ഇപ്പോഴത്തെ എൽഡിഎഫ്‌ സർക്കാരാണ്‌ പദ്ധതിക്ക് പുതുജീവനേകിയത്‌. സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാനതല എംപവർ കമ്മിറ്റി രൂപീകരിച്ചു. നാടിന്റെ വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കാനും സമീപവാസികൾ സന്നദ്ധരായി.
സുഗന്ധവ്യഞ്ജനങ്ങളുടെ പറുദീസയായ ഇടുക്കിയിലെ കർഷകർക്ക് വലിയ സഹായമാകുന്നതാണ് സ്‌പൈസസ് പാർക്ക്. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് സുഗന്ധവ്യഞ്ജനങ്ങൾ ഉയർന്ന വിലയ്ക്ക് സ്‌പൈസസ് പാർക്ക് മുഖേന വിറ്റഴിക്കാനാവും. മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന നിരവധി സ്ഥാപനങ്ങൾക്ക് ഈ പാർക്കിൽ വ്യവസായത്തിന് ഇടമൊരുങ്ങും. ഗുണമേന്മയേറിയ ഹൈറേഞ്ചിലെ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും മികച്ച വില ലഭിക്കും. കാർഷികമേഖലയുമായി ബന്ധപ്പെട്ട പുതിയ അറിവുകളും സാങ്കേതികവിദ്യകളും കർഷകർക്ക് ലഭ്യമാക്കാൻ ഗവേഷണകേന്ദ്രങ്ങളും സ്‌പൈസസ് പാർക്കിൽ ഉണ്ടാവും.
ആകെ 19.88 കോടി രൂപ ചെലവ‌് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 14.21 കോടിയും സംസ്ഥാനസർക്കാർ വിഹിതമാണ‌്. കർഷകർക്ക‌് മാത്രമല്ല, വ്യവസായികൾക്കും സ‌്പൈസസ‌് പാർക്ക‌് മുതൽക്കൂട്ടാവും. മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന സ്ഥാപനങ്ങൾക്കും ഇവിടെ വ്യവസായം സാധ്യമാകും. സുഗന്ധവ്യഞ്‌ജന വ്യവസായമേഖലയുമായി ബന്ധപ്പെട്ട ‘നോളഡ‌്ജ‌് ഷെയറിങ‌് ഹബും’ കാർഷികമേഖലയിലെ പുതിയ അറിവുകളും സാങ്കേതികവിദ്യകളും കർഷകർക്ക‌് ലഭ്യമാക്കാൻ ഗവേഷണകേന്ദ്രങ്ങളും സ‌്പൈസസ‌് പാർക്കിൽ ലക്ഷ്യമിട്ടിട്ടുണ്ട്‌.  കാർഷിക സർവകലാശാല പോലുള്ള വിദഗ‌്ധ സ്ഥാപനങ്ങളെ സ‌്പൈസസ‌് പാർക്കുമായി സഹകരിപ്പിക്കുന്നതും ആലോചനയിലുണ്ട്‌. സുഗന്ധവ്യഞ‌്ജനങ്ങൾ സംസ‌്കരിക്കാനും സൂക്ഷിക്കാനും ആവശ്യമായ വെയർഹൗസിങ‌്, കോൾഡ‌് സ‌്റ്റോറേജ‌് സൗകര്യവും നിർദിഷ്ട സ്‌പൈസസ്‌ പാർക്കിൽ സജ്ജമാക്കും.   
പ്രധാന വാർത്തകൾ
 Top