25 May Monday
യാത്രക്കാർ കുറഞ്ഞു

യാത്ര വെട്ടിക്കുറച്ച്‌ സ്വകാര്യബസുകൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

  തൊടുപുഴ 

കോവിഡ്‌ 19 രോഗഭീതിയിൽ യാത്രക്കാർ കുറഞ്ഞതോടെ സ്വകാര്യബസുകൾ പലതും സർവീസ്‌ നിർത്തിവയ്‌ക്കുന്നു. തൊടുപുഴ നഗരസഭ ബസ്‌ സ്റ്റാൻഡിൽ വന്നുപോകുന്ന 90 സ്വകാര്യബസുകൾ ഞായറാഴ്‌ച സർവീസ്‌ നടത്തിയില്ല. ആകെ 218 സ്വകാര്യബസുകളാണ്‌ തൊടുപുഴ ബസ്‌ സ്‌റ്റാൻഡിൽ വന്നുപേകാറുള്ളത്‌. സ്‌റ്റാൻഡിൽ പ്രവേശിക്കുന്നതിന്‌ സ്വകാര്യബസുകളിൽനിന്ന്‌ നഗരസഭ നിശ്ചിത തുക ഈടാക്കുന്നുണ്ട്‌. ഞായറാഴ്‌ച 90 ബസുകൾ കുറവായിരുന്നുവെന്ന്‌ തുക പിരിക്കുന്നവർ പറഞ്ഞു.
ഞായറാഴ്‌ച പൊതുവെ യാത്രക്കാർ കുറവാണ്‌. അതോടൊപ്പം കോവിഡ്‌ രോഗഭീതിയുമായതോടെ പിന്നെയും യാത്രക്കാർ കുറഞ്ഞു. ഇതോടെ വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായി സർവീസ്‌ നടത്തേണ്ട സ്ഥിതിയാണ്‌. ദീർഘദൂര സർവീസ് അടക്കുമുള്ളവ ഞായറാഴ്‌ച മുടങ്ങി. കെഎസ്‌ആർടിസി ബസുകളിലും സമാന സ്ഥിതിയാണ്‌. പൊതുവെ ദുരിതത്തിലായ കെഎസ്‌ആർടിസിയും വരുമാനനഷ്ടത്തിൽ ഞെരുങ്ങുന്നു. 
ഏതാനും ദിവസങ്ങളായി നഗരത്തിൽ ജനത്തിരക്കില്ല. കടകളിൽ വ്യാപാരവും കുറഞ്ഞു. ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ കോവിഡ്‌ 19 നിയന്ത്രണത്തിന്‌ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്‌. തൊടുപുഴയിൽ ഇതുവരെ കോവിഡ്‌ ബാധ കണ്ടെത്തിയിട്ടില്ല. പനിയും ചുമയും ബാധിച്ച്‌ ആശുപത്രിയിൽ എത്തുന്നവരെ കർശനപരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നുണ്ട്‌. എന്തെങ്കിലും സംശയം തോന്നുന്നപക്ഷം പ്രത്യേകകരുതലും സ്വീകരിക്കുന്നുണ്ട്‌. 
 
  
പ്രധാന വാർത്തകൾ
 Top