04 June Thursday

അല്ലിയാറിൽ പാറമട തർക്കം: പൊലീസ് ആക്രമണത്തിൽ 3 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്‌ നാട്ടുകാരെ കൈയേറ്റം ചെയ്യുന്ന പൊലീസ്‌ ഉദ്യോഗസ്ഥർ

 

 
നെടുങ്കണ്ടം 
കൂട്ടാർ അല്ലിയാർ പാറമടയിൽനിന്ന്‌ കരിങ്കല്ലുമായി എത്തിയ ലോറി തടഞ്ഞ നാട്ടുകാർക്ക്‌ പൊലീസിന്റെ ക്രൂരമർദനം. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വയോധിക അടക്കം മൂന്ന്‌ പേർക്ക്‌ പരിക്കേറ്റു. ഗൃഹനാഥനെ നിലത്തിട്ട് വലിച്ചിഴച്ചു. അല്ലിയാർ നാരകപറമ്പിൽ കമലമ്മ(85), മകൻ എൻ സി റെജി(47), ടി ടി അജീഷ്(27) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കമ്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി സുനിൽകുമാർ നാട്ടുകാരെ ആക്രമിച്ചെന്നാണ്‌ ആരോപണം. മകനെ മർദിക്കുന്നതുകണ്ട്‌ തടസ്സം പിടിക്കാനെത്തിയ കമലമ്മയെ എസ്എച്ച്ഒ ചവിട്ടി വീഴ്‌ത്തിയെന്നാണ്‌ നാട്ടുകാരുടെ പരാതി. ഇതിനിടെ മൊബൈൽ ഫോണിൽ ദൃശ്യം പകർത്താൻ ശ്രമിച്ച അജീഷിന്റെ കരണത്ത് എസ്എച്ച്ഒ അടിച്ചുവെന്നും താവുപറമ്പിൽ സന്തോഷിന്റെ ഫോൺ ചവിട്ടിത്തകർത്തെന്നും പരാതിയിൽ പറയുന്നു. 
ഞങ്ങൾക്കും ജീവിക്കേണ്ടേ?
പ്രദേശവാസികൾ പറയുന്നത് ഇങ്ങനെ: ഇവിടെ വർഷങ്ങളായി പാറമട പ്രവർത്തിക്കുന്നതിനാൽ പ്രദേശത്ത്‌ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ്. സ്ഥലത്തെ 10 വീടുകൾക്കും പുതുതായി നിർമിച്ച ജലനിധി ടാങ്കിനും വിള്ളലുണ്ട്. സ്‌കൂൾ സമയങ്ങളിലടക്കം ടിപ്പർ, ലോറികൾ ഓടുന്നതും ജനജീവിതത്തിന് ഭീഷണിയാണ്‌.
പഞ്ചായത്ത് നിർമിച്ച റോഡും തകർന്നതോടെ യാത്രാസൗകര്യമില്ലാതെ ദുരിതത്തിലായി. നിലവിൽ എസ്എസ്എൽസി മോഡൽ പരീക്ഷ നടക്കുകയാണ്. പുലർച്ചെ അഞ്ചിന്‌ പാറമട പ്രവർത്തനം ആരംഭിക്കുന്നതോടെ വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കുന്നു. പൊടിശല്യവും ശബ്ദവും രൂക്ഷമായതോടെയാണ് പ്രദേശവാസികൾ ചേർന്ന് ലോഡുമായി എത്തിയ ടിപ്പർ ലോറികൾ തടഞ്ഞത്.
 രാവിലെ ഏഴോടെ ഒരു ജീപ്പിൽ കമ്പംമെട്ട് പൊലീസും പിന്നാലെ 10ന്‌ കമ്പംമെട്ട് എസ്എച്ച്ഒയും സ്ഥലത്തെത്തി. പൊലീസ് ബലപ്രയോഗം ആരംഭിച്ചതോടെയാണ്‌ സ്ഥലത്ത് സംഘർഷം ഉടലെടുത്തത്. മർദനം കണ്ട് സ്ത്രീകളും കുട്ടികളും അലമുറയിട്ടതോടെയാണ്‌ പൊലീസ് പിൻവാങ്ങിയത്‌.  
 
 
പ്രധാന വാർത്തകൾ
 Top