കട്ടപ്പന
സംസ്ഥാന സർക്കാർ പദ്ധതിയായ കേരള നോളേജ് ഇക്കോണമി മിഷന്റെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് 19ന് തുടക്കമാവും. കട്ടപ്പന ഗവ. കോളേജിൽ നടക്കുന്ന തൊഴിൽമേള മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യും. രാവിലെ 8.30 മുതൽ വൈകിട്ട് ആറുവരെയാണ് മേള. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം(ഡിഡബ്ല്യുഎംഎസ്) എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കാൻ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
സൗജന്യപരിശീലനം
തൊഴിൽമേളകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ജോബ് റെഡിനെസ്, ഇന്റർവ്യു സ്കിൽ എന്നിവ മുൻനിർത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്കിൽ വിഭാഗവും ചേർന്ന് നൽകും.
15000 ഒഴിവുകൾ
ഐടി, എൻജിനിയറിങ്, ടെക്നിക്കൽ ജോബ്സ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, മെഡിക്കൽ, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, റീടൈൽസ്, ഫിനാൻസ്, വിദ്യാഭ്യാസം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കിങ്, മാർക്കറ്റിങ്, സെയിൽസ്, മീഡിയ, സ്കിൽ എഡ്യൂക്കേഷൻ, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ്, അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട നൂറിലധികം കമ്പനികളിലായി 15,000ത്തിലധികം ഒഴിവുണ്ട്.
രജിസ്റ്റർ
ചെയ്യുന്നതെങ്ങനെ
തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്യാം. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും മേളയിലേക്ക് പ്രവേശനം. ഫോൺ: 0471 2737881.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..