20 February Wednesday
ഇടുക്കി മെഡിക്കല്‍ കോളേജ്‌

80 ഡോക്ടർമാർ സമ്മതപത്രം നൽകി: ജോയ്സ് ജോർജ‌് എംപി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

 

 
ചെറുതോണി 
ഇടുക്കി മെഡിക്കൽ കോളേജിൽ ജോലി ചെയ്യാൻ താൽപര്യമറിയിച്ച‌് 80 ഡോക്ടർമാർ സമ്മതപത്രം നൽകിയതായി ജോയ്സ് ജോർജ‌് എംപി അറിയിച്ചു. 99 ഡോക്ടർമാരാണ് മെഡിക്കൽ കോളേജിന്റെ ആദ്യവർഷത്തേക്ക‌് ആവശ്യമായുള്ളത്. ബാക്കി വരുന്ന ഡോക്ടർമാരെകൂടി ഉടൻ നിയമിച്ച് സമ്മതപത്രം നൽകും. ആരോഗ്യവകുപ്പിന് കീഴിൽ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന 28 ഡോക്ടർമാരും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്നും ഇടുക്കിയിലേക്ക് നിയമിച്ചിട്ടുള്ള ഡോക്ടർമാരുമാണ് സമ്മതപത്രം നൽകിയത്.   ഓരോ വർഷവും ഡോക്ടർമാർ സമ്മതപത്രം പുതുക്കി നൽകണമെന്നാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ വ്യവസ്ഥ. 
   ഇപ്പോൾ സമ്മതപത്രം നൽകിയിട്ടുള്ള 80 പേരിൽ 50 പേർ ബിരുദാനന്തര ബിരുദമുള്ള സ‌്പെഷ്യലിസ്റ്റ‌് ഡോക്ടർമാരും 30 പേർ ബിരുദധാരികളുമാണ്. 175 സ്റ്റാഫ് നേഴ‌്സുമാരെയും 100 പാരാമെഡിക്കൽ ജീവനക്കാരെയും ഉടൻ നിയമിക്കും. 175 സ്റ്റാഫ് നേഴ്സുമാരെ ആവശ്യമുള്ളതിൽ 60 പേരെ ജില്ലാ ആശുപത്രിയിൽനിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി വിന്യസിപ്പിക്കുകയാണ്. മഞ്ചേരി മെഡിക്കൽ കോളേജിന്റെ മാതൃകയിലാണ് ഇടുക്കി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുകയെന്നും എംപി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവിയുമായി പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തിയതായി എംപി പറഞ്ഞു.  മന്ത്രിയുടെ കെ കെ ശൈലജയുടെ നിർദേശാനുസരണം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ രണ്ട് ദിവസമായി ഇടുക്കിയിൽ ക്യാമ്പ് ചെയ‌്ത‌് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
    ജില്ലാ കലക്ടറുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും അടിയന്തര യോഗം ചേർന്ന് പരിശോധനകൾ നടത്തി.  അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. പുതുതായി നിർമിച്ച ആശുപത്രി സമുച്ചയത്തിലെ ഒന്നാം ബ്ലോക്കിൽ അത്യാഹിത വിഭാഗവും ഒപിയും ഫെബ്രുവരി 20നുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും എംപി പറഞ്ഞു. 
    സ‌്പെഷ്യലിസ്റ്റ് ഡോക്ടർമാർ സ്വന്തമായി താമസ സൗകര്യം കണ്ടെത്തണം. അതേസമയം 30 എംബിബിഎസ് ഡോക്ടർമാർക്കും സ്റ്റാഫ് നേഴ‌്സുമാർക്കും താമസ സൗകര്യം ഒരുക്കേണ്ടതുണ്ട്. മന്ത്രി എം എം മണിയുമായി ചർച്ച ചെയ്തതിനെത്തുടർന്ന് വാഴത്തോപ്പിലുള്ള കെഎസ്ഇബി ക്വാർട്ടേഴ്സുകൾ ഒരു വർഷത്തേക്ക‌് അനുവദിക്കാമെന്നും ഉറപ്പുലഭിച്ചു. 105 കോടി രൂപ ചെലവിലുള്ള മെഡിക്കൽ കോളേജിന്റെ റസിഡൻഷ്യൽ കോംപ്ലക‌്സ‌് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
    ആറ‌് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി മെഡിക്കൽ വിദ്യാർഥികൾക്കും അധ്യാപകർക്കും സൗകര്യമൊരുക്കാൻ കഴിയും. അതേസമയം ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ രണ്ടാം ഘട്ട പരിശോധന ഉടനുള്ള സാഹചര്യത്തിലാണ് താമസ സൗകര്യത്തിന്റെ കാര്യത്തിൽ മാത്രം താൽക്കാലിക സംവിധാനം ഏർപ്പെടുത്തുന്നതെന്നും എംപി പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top