05 December Thursday

കുങ്കിയെത്തി; അരിശിരാജ മെരുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

കുങ്കി ആനയെ ഉപയോഗിച്ച് അരിശിരാജ എന്ന ഒറ്റയാനെ പിടികൂടുന്നു

 

 
മറയൂർ
തമിഴ്നാട് അതിർത്തിയിൽനിന്ന്‌ അക്രമകാരിയായ ഒറ്റയാനെ പിടികൂടി. കടകളും വീടുകളും തകർത്ത് അരി ഭക്ഷിക്കുന്ന ഒറ്റയാനെ നാട്ടുകാർ അരിശിരാജ എന്നാണ് വിളിച്ചിരുന്നത്. ആണ്ടിയൂർ ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സംഘം കൃഷിയിടത്തിൽ റേഷൻ അരി ചാക്കുകൾവച്ചാണ്‌ ആനയെ പിടികൂടിയത്‌.
 കേരള അതിർത്തിയിൽ ഉദുമൽപേട്ടയ്‌ക്ക് സമീപം ആണ്ടിയൂർ ഭാഗത്ത് ഈ ആന മൂന്നുപേരെ കൊലപ്പെടുത്തുകയും നിരവധി പേരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. ഒറ്റയാനെ കുങ്കി ആനകളുടെ സഹായത്തോടെ തമിഴ്നാട് വനംവകുപ്പ് പിടികൂടി. ജനവാസകേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും തകർത്ത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ കാട്ടാനയെ പിടികൂടാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിടുകയായിരുന്നു.  ആക്രമണകാരിയായ ഒറ്റയാനെ പിടികൂടാൻ വനംവകുപ്പ്, പൊലീസ്, വെറ്ററിനറി വകുപ്പുകൾ സംയുക്തമായാണ് എത്തിയത്. നിരവധി ആക്രമണകാരികളായ കാട്ടാനകളെ പിടികൂടിയ മുതുമല ആനവളർത്തൽ കേന്ദ്രത്തിലെ കാലിം, കപിൽ ദേവ് എന്നീ കുങ്കി ആനകളെയും എത്തിച്ചിരുന്നു. കൃഷിയിടത്തിലിറങ്ങിയ അരിശിരാജ എന്ന കൊമ്പനെ വ്യാഴാഴ്‌ച പുലർച്ചെ മൂന്നിന്‌ രണ്ടുതവണ വെറ്ററിനറി സംഘം മയക്കുവെടിവച്ചു. പിന്നീട് കുങ്കിയാനകളെ ഉപയോഗിച്ച് വടംകെട്ടി നിർത്തിയശേഷം രാവിലെ എട്ടിന്‌ ലോറിയിൽ കയറ്റി വരകാളിയാർ ആനവളർത്തൽ കേന്ദ്രത്തിൽ എത്തിച്ചു. ആക്രമണകാരിയായ കാട്ടാനയെ കുങ്കി ആനയാക്കാനുള്ള ശ്രമങ്ങൾ ആരോഗ്യം നിരീക്ഷിച്ചശേഷം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top