05 December Thursday
നാലുപേർ അറസ്റ്റിൽ

ലോഡിറക്കുന്നത്‌ സംബന്ധിച്ച തർക്കം സംഘർഷത്തിൽ കലാശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

 

വണ്ടൻമേട്‌
ലോഡിറക്കുന്നതു സംബന്ധിച്ച്‌ തൊഴിലാളികളും സഹകരണസംഘം ജീവനക്കാരും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കട്ടപ്പന കേന്ദ്രമായി പ്രവർത്തിക്കുന്ന റൂറൽ ഡെവലപ്‌മെന്റ്‌ സൊസൈറ്റിയുടെ അണക്കര ശാഖയ്‌ക്കുവേണ്ടി കൊണ്ടുവന്ന ലോക്കർ ഇറക്കുന്നതിനെച്ചൊല്ലിയാണ്‌ തർക്കമുണ്ടായത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. സൊസൈറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ എത്തിയ സംഘം ചുമട്ടുതൊഴിലാളികൾ ജോലികഴിഞ്ഞ്‌ മടങ്ങിയശേഷം അർധരാത്രിയോടെ ലോക്കർ വാഹനത്തിൽനിന്ന്‌ ഇറക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതു അണക്കരയിലെ ഒരു മരണവീട് സന്ദർശിച്ചു മടങ്ങിയ ചുമട്ടുതൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ലോക്കർ ഇറക്കുന്നത് തടഞ്ഞതോടെ വാക്കുതർക്കവും തുടർന്ന് സംഘർഷവുമുണ്ടായി. അടിപിടിയിൽ പരിക്കേറ്റ ഇരു വിഭാഗത്തിലുംപെട്ടവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 
വണ്ടൻമേട്‌ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്‌തു. സിഐടിയു ഹെഡ്‌ലോഡ് യൂണിയൻ തൊഴിലാളികളായ സുൽത്താൻകട നായ്ക്കൻപറമ്പിൽ ബേബി, ചക്കുപള്ളം പുതുപ്പള്ളിൽ മറ്റം വീട്ടിൽ ബാബു, കടുക്കാസിറ്റി ഉഴത്തിൽ കുഞ്ഞുമോൻ, സുൽത്താൻകട കുന്നുംപുറത്ത് ബിനോയി എന്നിവരാണ് അറസ്റ്റിലായത്.
 ലോക്കർ ഇറക്കാനല്ല എത്തിയതെന്നും സ്ഥലം കാണിച്ചു കൊടുക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നുമാണ് സൊസൈറ്റി അധികൃതരുടെ വിശദീകരണം. ബാങ്ക് സെക്രട്ടറി കെ വി കുര്യാക്കോസ്, ബിനോയി തോമസ്‌, തോമസ് ജോസഫ്, ലോക്കറുമായി എത്തിയ ഏജൻസി ജീവനക്കാരായ തൃശൂർ സ്വദേശികളായ രാഗേഷ്, വിജേഷ്, അരുൺ, രമേശ് എന്നിവരാണ്‌ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്‌.
 അർധരാത്രി തൊഴിലാളികളുടെ കണ്ണുവെട്ടിച്ച് ലോഡിറക്കാനുള്ള ശ്രമം തടഞ്ഞ തൊഴിലാളികളെ ബാങ്ക് ജീവനക്കാരടക്കമുള്ളവർ കൈയേറ്റം ചെയ്‌തതാണ് സംഘർഷത്തിന്‌ ഇടയാക്കിയതെന്ന് സിഐടിയു അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top