18 November Monday
മുഖ്യമന്ത്രിയെ കണ്ടു

ഭൂവിനിയോഗ ഉത്തരവ് മാറ്റും: എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

 

 
ചെറുതോണി
ഭൂവിനിയോഗ ഉത്തരവ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവരുമായി ചർച്ച നടത്തിയതായി എൽഡിഎഫ് കൺവീനർ കെ കെ ശിവരാമൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു. ഭൂവിനിയോഗ ഉത്തരവിലും കെട്ടിട നിർമാണനിയന്ത്രണ ഉത്തരവിലും മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി നേതാക്കൾ പറഞ്ഞു. 
ജില്ലയിലെ കർഷകർക്കും വ്യാപാരികൾക്കും ദ്രോഹകരമായ ഒരു തീരുമാനവും എൽഡിഎഫ് സർക്കാർ എടുക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കൊപ്പമാണ് മൂന്നര വർഷമായി ഈ സർക്കാർ നിലകൊള്ളുന്നത്. 
വനത്തിൽ മാത്രമായി ഇഎസ്എ നിജപ്പെടുത്തി 47 വില്ലേജുകളേയും പരിസ്ഥിതിലോല പട്ടികയിൽ നിന്നും മാറ്റി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതും 25000 ഏക്കർ കൃഷിഭൂമി വനമാക്കി മാറ്റാൻ യുഡിഎഫ് കൊണ്ടുവന്ന എച്ച്ആർഎംഎൽ പദ്ധതി മാറ്റി കർഷകരുടെ ആശങ്ക അകറ്റിയതും എൽഡിഎഫ് സർക്കാരാണ്. 
യുഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയ ബാങ്ക് ലോൺ പോലും ലഭിക്കില്ലാത്ത 16 ഉപാധികളുള്ള പട്ടയം മാറ്റി ഉപാധിരഹിത പട്ടയമെന്ന കർഷകരുടെ സ്വപ്നം സാക്ഷാത്കരിച്ചു. അഞ്ച് പതിറ്റാണ്ടിലധികമായി ജനങ്ങൾ ആവശ്യപ്പെടുന്ന 10 ചെയിൻ പ്രദേശത്ത് പട്ടയം നൽകി. ചട്ടങ്ങൾ ഭേദഗതി ചെയ്ത് പട്ടയം നൽകുന്നതിനുള്ള വരുമാന പരിധി എടുത്തു കളഞ്ഞു. പതിച്ച് കിട്ടിയ പട്ടയഭൂമി കൈമാറ്റം ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥ മാറ്റി. അങ്ങനെ ജില്ലയിലെ കർഷകർക്കൊപ്പം നിന്നാണ്‌ ഈ സർക്കാർ മുന്നോട്ട്‌ പോകുന്നത്‌. 
നാലേക്കർ വരെ പട്ടയം നൽകാനുള്ള ഉത്തരവ് നീക്കി ഒരേക്കറായി ചുരുക്കിയ ഉമ്മൻചാണ്ടിയുടെ ഉത്തരവ് ഭേദഗതി ചെയ്ത് നാലേക്കർ ആയി ഉയർത്തിയതും കർഷകർ നട്ടുവളർത്തുന്ന മരങ്ങൾ മുറിക്കാനുള്ള അവകാശം നൽകിയതും എൽഡിഎഫ് സർക്കാരാണെന്ന് നേതാക്കൾ പറഞ്ഞു. ആദിവാസികൾക്ക് മുൻസർക്കാർ നൽകിയത് വനാവകാശ രേഖയാണെങ്കിൽ ഈ സർക്കാർ നൽകിയത് യഥാർഥ പട്ടയമാണ്. ഇപ്പോഴുണ്ടായിട്ടുള്ള കർഷക വിരുദ്ധമായ ഉത്തരവും ഉടൻ മാറ്റും.
കോൺഗ്രസും യുഡിഎഫും ഇപ്പോൾ നടത്തുന്ന സമരങ്ങൾ ആത്മാർഥത ഇല്ലാത്തതാണെന്നും എക്കാലവും കർഷകർക്കെതിരായ നിലപാടുകളാണ് അവർ സ്വീകരിച്ചിട്ടുള്ളതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ്‌ അഖിലേന്ത്യാ നേതൃത്വം മുതൽ പി ടി തോമസ് വരെയുള്ള കോൺഗ്രസിലെ ഒരു വിഭാഗം  ഇടുക്കിയിലെ ഭൂമിക്ക് മേൽ നിർമാണ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ഗൂഢനീക്കങ്ങൾ നടത്തിയിട്ടുള്ളത്. 
ഭൂവിനിയോഗ ഉത്തരവ് നടപ്പിലാക്കണമെന്നാണ് എം പിയുടെ ഉപദേഷ്ടാവ് പി ടി തോമസിന്റെ അഭിപ്രായം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും എല്ലാം ഇതേ അഭിപ്രായക്കാരാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് യുഡിഎഫ് നടത്തിയ സമരത്തിൽ വരാതിരുന്നത്. കർഷകർക്കെതിരായ ഭൂവിനിയോഗ ഉത്തരവ് മാറ്റുന്ന കാര്യത്തിൽ ജില്ലയിലെ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും അക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി. 
 
 
പ്രധാന വാർത്തകൾ
 Top