Deshabhimani

ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 12:18 AM | 0 min read

അടിമാലി
ഹൈറേഞ്ച് മേഖലയിലെ കർഷകരിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ഏലക്ക സംഭരിച്ച് പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ. പാലക്കാട് മണ്ണാർകാട് കരിമ്പൻപാടം മുഹമ്മദ് നസീർ(42) ആണ് പിടിയിലായത്. ഇയാൾ നാലുമാസമായി ഒളിവിലായിരുന്നു. അടിമാലി എസ്ഐ ജിബിൻ തോമസു നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിൽനിന്ന് വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. എറണാകുളം കേന്ദ്രീകരിച്ചുള്ള എൻ ഗ്രീൻ എന്ന കമ്പനിയുടെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കൊന്നത്തടി, രാജകുമാരി, അടിമാലി മേഖലയിലെ കർഷകരിൽനിന്നും ചെറുകിട കച്ചവടക്കാരിൽ നിന്നുമായി ഏലക്ക സംഭരിച്ച് തുടങ്ങി. ഒരുമാസത്തെ അവധിക്ക് ഏലക്ക നൽകിയാൽ നിലവിലെ മാർക്കറ്റ് വിലയിൽനിന്ന് കിലോയ്ക്ക് 500 മുതൽ 1000 രൂപ വരെ ഒരുമാസം കഴിയുമ്പോൾ കൂടുതൽ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ആദ്യ രണ്ടുമാസം കൂടുതൽ തുകയും നൽകി.
ഇതോടെ കർഷകർ കൂട്ടമായി സെന്ററിൽ തങ്ങളുടെ ഏലക്ക എത്തിച്ചു തുടങ്ങി. ഏലക്ക നൽകുമ്പോൾ രസീത് മാത്രമാണ് കൊടുത്തിരുന്നത്. ഈ രസീതുമായി എത്തിയാൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. ജൂലായിലാണ് അവസാനമായി ഏലക്ക എടുത്തത്. തുടർന്ന് ഇയാൾ മുങ്ങി. തുടർന്ന് കബളിക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 1400 -ഓളം ബില്ലുകളിലായി കോടികളാണ് ഇയാൾ ഹൈറേഞ്ചിലെ കർഷകർക്ക് നൽകാനുള്ളത്. അടിമാലി സ്റ്റേഷനിൽ മാത്രം 32 പരാതികൾ ലഭിച്ചിട്ടുണ്ട്. വെള്ളത്തൂവൽ സ്റ്റേഷനിലും പരാതിയുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home