18 October Friday

സദാചാര ആക്രമണം; യുവാവിന‌് കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

 

 
തൊടുപുഴ
സദാചാര ഗുണ്ടായിസത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ്‌ ഉൾപ്പെടെ മൂന്നുപേർക്ക് മർദനത്തിലും കത്തിക്കുത്തിലുമായി പരിക്കേറ്റു. അക്രമത്തിനുപുറമെ 17 കാരിയായ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുപ്രകാരവും തൊടുപുഴ പൊലീസ് കേസെടുത്തു. 
  കരിങ്കുന്നം പ്ലാന്റേഷൻ സ്വദേശി ചേലത്തിൽ ലിബിൻ ജോയി(27)ക്കാണ്‌ കുത്തേറ്റത്. തോളിൽ ആഴത്തിൽ കത്തി തുളച്ചുകയറിയ ഇയാളെ കോലഞ്ചേരി മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അച്ചൻക്കവല ചിറയത്ത് ബിനു(20)വിന് സംഘം ചേർന്നുള്ള മർദനത്തിൽ ക്രൂരമായി പരിക്കേറ്റു. ഇയാളെയും കുത്തേറ്റ ലിബിനൊപ്പമുണ്ടായിരുന്ന മണക്കാട് വള്ളോംകല്ലേൽ അനന്തു(20), പെരുമ്പിള്ളിച്ചിറ കരിമലക്കോട്ടിൽ ശ്യാംലാൽ(31) എന്നിവരെയും പരിക്കുകളോടെ കാരിക്കോട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ‌്ച പകൽ 3.30 ഓടെ തൊടുപുഴ ടൗണിൽ നഗരസഭ ബസ്‌ സ്റ്റാൻഡിനുസമീപം ഐഎംഎ റോഡിലായിരുന്നു സംഭവം. 17 കാരിയായ പെൺകുട്ടിക്കൊപ്പം ബിനു സംസാരിച്ചുകൊണ്ടിരുന്നത് ലിബിനും ശ്യാംലാലും അനന്തുവും സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ പള്ളിയിൽ മാമോദീസ ചടങ്ങിനെത്തിയതായിരുന്നു മൂന്നംഗ സംഘം.
 മർദിനത്തിനിടെ ബിനു ഇവരുടെ കൈവശം ഉണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി ലിബിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തോളിൽ രണ്ടര സെന്റിമീറ്ററിൽ ആഴത്തിൽ കത്തി തുളച്ചുകയറി. തൊടുപുഴയിലെ സ്വകാര്യ ആശു പത്രിയിലെത്തിച്ചെങ്കിലും കത്തി  ഊരിയെടുക്കാനാവാത്തതിനെ തുടർന്ന‌് വാസ‌്കുലർ ശസ്ത്രക്രിയ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബിനു  പൊലീസ് കാവലിൽ ആശുപത്രിയിൽ കഴിയുകയാണ്. മൂന്നംഗസംഘം കൈയിൽ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ, ബിനു പെൺകുട്ടിയെ തല്ലുന്നതുകണ്ടാണ് ഇടപെട്ടതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ആശുപത്രിയിൽനിന്ന്‌ ഡിസ്ചാർജ് ചെയ്താലുടൻ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്‌ അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top