20 October Sunday
അവശതകൾ മറന്ന്

അക്ഷരമുറ്റത്തെ സ്നേഹമരത്തണലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

 ഇടുക്കി

പ്രായത്തിന്റെ അവശതകൾ മറന്ന് പതിറ്റാണ്ടുകൾക്കുശേഷം അവർ ഒത്തുചേർന്നു. അക്ഷരമുറ്റത്തെ സ്നേഹമരത്തണലിൽ. കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽനിന്ന്‌ 1964– 1970 കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളാണ് ഒത്തുചേർന്നത്. "ഓര്‍മ മരത്തണലില്‍’ എന്ന പേരില്‍ സംഘടിപ്പിച്ച സംഗമത്തിൽ ഇരുന്നൂറോളം പൂർവ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകിട്ട്‌ അഞ്ചുവരെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗത്തിലെത്തിയവർ മിക്കവരും വിശ്രമജീവിതം നയിക്കുന്നവരാണെങ്കിലും പലരും രാഷ്ട്രീയ -സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നവരാണ്. ഈ കാലയളവിലെ ഏഴുബാച്ചുകളെ പ്രതിനിധീകരിച്ച് ഏഴ് വൃക്ഷത്തൈകള്‍ നട്ടാണ് പരിപാടികള്‍ ആരംഭിച്ചത്. 
 പൊതുസമ്മേളനം ആദ്യകാല ഗുരുനാഥനായ കെ ജി വാസുപ്പണിക്കര്‍ ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ ജി ഫിലിപ്പോസ് അധ്യക്ഷനായി. പൂർവ അധ്യാപകരായ പി പുഷ്‌കരൻ, അബ്ദുൾ സലാം എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്തെ രസകരവും കൈപ്പേറിയതും ജീവിത അനുഭവങ്ങളും അവർ പങ്കുവച്ചത് പുതുതലമുറയ്‌ക്ക്‌ നവ്യാനുഭവമാണ് സമ്മാനിച്ചത്.
  കേരള ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാനും പൂർവ വിദ്യാര്‍ഥിയുമായ സി ജെ കുട്ടപ്പനും സംഘവും അവതരിപ്പിച്ച നാടൻപാട്ടുകളും വിവിധ കലാപരിപാടികളും കവിയരങ്ങും ഉണ്ടായി. കെ കെ സുകുമാരൻ, അനുസ്‌മരണ പ്രഭാഷണം സി കെ കൃഷ്ണൻകുട്ടി, പി സി തോമസ്, കാഞ്ചിയാർ രാജൻ, കെ ആർ രാമചന്ദ്രൻ, ടി കെ കൃഷ്ണൻകുട്ടി, വേണുഗോപാലൻ നായർ, ശ്രീകണ്ഠൻ നായർ, ടി എം ജോൺ, കെ വി പരമേശ്വരൻ, കെ ആർ ഉണ്ണികൃഷ്ണൻ നായർ, എന്നിവർ സംസാരിച്ചു.
 
 
 

 

പ്രധാന വാർത്തകൾ
 Top