06 December Friday
കാന്തല്ലൂരില്‍ കടുത്ത വരള്‍ച്ച

എന്നെത്തും മഴ... കണ്ണീരോടെ കർഷകർ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

 

 
മറയൂർ
കേരളത്തിലെ ശീതകാല പച്ചക്കറികളുടെ കലവറയായ മറയൂർ മലനിരകളിലെ കാന്തല്ലൂർ, വട്ടവട പ്രദേശത്ത‌് വരൾച്ച രൂക്ഷം. മുമ്പെങ്ങും അനുഭവപെടാത്ത രീതിയിൽ പ്രദേശം കൊടും വരൾച്ചയുടെ പിടിയിലമർന്നത‌് നിരവധി കർഷകരെയാണ‌് പ്രതിസന്ധിയിലാക്കുന്നത്. കാന്തല്ലൂരിലെ പുത്തൂർ, പെരുമല, നാരാച്ചി, കുളച്ചിവയൽ, കീഴാന്തൂർ, ആടിവയൽ എന്നിവടങ്ങളിൽ കടുത്ത വരൾച്ചയാണ‌് അനുഭവപെടുന്നത്. ഗ്രാന്റീസ് കൃഷിയും റിസോർട്ട് നിർമാണത്തിനായി മലമുകളിലെ മണ്ണിടിച്ചുനിരത്തിയതും പ്രദേശത്ത നീരുറവകളും കുളങ്ങളും വറ്റാൻ കാരണമായി. 
മന്നവൻചോലയിൽ നിന്നെത്തുന്ന നീരൊഴുക്ക് മാത്രമാണ് നിലവിൽ ഏക ആശ്രയം. കാന്തല്ലൂരിലെ കാർഷകർ ഇക്കാലമത്രയും നീരുറവകളെ മാത്രമാണ് ആശ്രയിച്ചിരുന്നത്. മോട്ടോർ ഉപയോഗിച്ച് കൃഷിയിടങ്ങൾ നനക്കേണ്ട സാഹചര്യം ഇവിടുത്തെ കർഷകർക്ക് ഇതുവരെ ഉണ്ടായിരുന്നില്ല. കാലവർഷം ഇല്ലാതായതോടെ നീരൊഴുക്ക് നിലച്ച പാടങ്ങളിൽ വെള്ളം എത്തിക്കാൻ മോട്ടോറുകളെ ആശ്രയിച്ച‌് തുടങ്ങി കർഷകർ. രണ്ടാഴ്ച മുമ്പ‌് ലഭിച്ച മഴയെ തുടർന്ന് പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകർ വിളകൾ സംരക്ഷിക്കാൻ കിലോമീറ്ററുകൾ അകലെനിന്ന‌് വെള്ളമെത്തിക്കേണ്ട അവസ്ഥയിലാണ‌്. കുളങ്ങളിൽ വെള്ളം നിറച്ച് പമ്പ‌് ചെയ്താണ് കർഷകർ വിളകൾ സംരക്ഷിക്കുന്നത്.
 ആപ്പിൾ, ഓറഞ്ച്, പാഷൻ ഫ്രൂട്ട്, ബ്ലാക്ക് ബെറി, പ്ലം തുടങ്ങിയ പഴങ്ങളും ക്യാരറ്റ്, കാബേജ്, കോളിഫ്ലവർ, ഉരുളക്കിഴങ്ങ് ഉൾപ്പെടെ ശീതകാല പച്ചക്കറികളുമാണ‌് പ്രധാനമായും കൃഷി ചെയ്യുന്നത‌്. എന്നാൽ, പ്രദേശത്തിന്റെ മാത്രം പ്രത്യേകതയായ നൂൽമഴയും അപ്രത്യക്ഷമായതോടെയാണ‌് ജല സേചന സൗകര്യമില്ലാതെ ശീതകാല കർഷകർ വലഞ്ഞിരിക്കുന്നത്.
 
 
പ്രധാന വാർത്തകൾ
 Top