31 July Saturday
വട്ടവട പഞ്ചായത്തിനെതിരെ വ്യാപക പ്രതിഷേധം

കോണ്‍ഗ്രസ് നേതാവിന്റെ പണപ്പിരിവിനായി അനധികൃത ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

 

 
മറയൂർ
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പണപ്പിരിവിനായുള്ള വട്ടവട പഞ്ചായത്തിന്റെ അനധികൃത ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവിടെനിന്നാണ് ഗൃഹവാസ പരിചരണകേന്ദ്രത്തിലേക്ക്‌ ഭക്ഷണം എത്തിക്കേണ്ടത്‌. എന്നാൽ, പ്രത്യേക ഉത്തരവിറക്കി കോൺഗ്രസ് വട്ടവട മണ്ഡലം പ്രസിഡന്റ് വി എൻ മാരിയപ്പനെ ഇതിനായി ചുമതലപ്പെടുത്തുകയായിരുന്നു. ജനകീയ ഹോട്ടൽ അടച്ച് താക്കോൽ പഞ്ചായത്ത് കമ്മിറ്റിയെ ഏൽപ്പിക്കണമെന്നും സെക്രട്ടറി കൈമാറിയ കത്തിൽ പറയുന്നു.
     യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വട്ടവടയിലുള്ളത്. ഗൃഹവാസ പരിചരണകേന്ദ്രത്തിലേക്ക്‌ ഭക്ഷണം എത്തിക്കാനെന്ന പേരിൽ കോൺഗ്രസ് വ്യാപകമായ പണപ്പിരിവാണ് റിസോർട്ട് ഉടമകളിൽനിന്നും തടിവ്യാപാരികളിൽനിന്നും നടത്തിയത്‌. കലക്ടർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയ ജനകീയ ഹോട്ടലിൽനിന്ന്‌ ആരോഗ്യവകുപ്പിന്റെയും നോഡൽ ഓഫീസറുടെയും നിർദേശപ്രകാരമാണ് ഇത്രയും കാലം ഭക്ഷണം എത്തിച്ചിരുന്നത്. 
    ഇതിനിടയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുവാദമില്ലാതെ പരിചരണകേന്ദ്രത്തിലേക്ക്‌ ഭക്ഷണമെത്തിച്ച് നൽകിയത് നോഡൽ ഓഫീസർ വിലക്കിയിരുന്നു. തുടർന്നാണ് ഭക്ഷണം നൽകാനായി മണ്ഡലം പ്രസിഡന്റ് അപേക്ഷ സമർപ്പിക്കുന്നത്. ഇത് യോഗം ചേർന്ന് പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പോടെ അംഗീകരിക്കുകയായിരുന്നു. നിയമവിരുദ്ധ നടപടി ഉദ്യോഗസ്ഥർ അംഗീകരിച്ച് നൽകുകയും ചെയ്തു. ഗൃഹവാസ പരിചരണകേന്ദ്രത്തിലേക്ക്‌ ഭക്ഷണം നൽകാനെന്ന പേരിൽ കോൺഗ്രസ് നേതാക്കൾക്ക്‌ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്താൻ വേണ്ടിയാണ്‌ ഈ നീക്കമെന്നാണ്‌ ആരോപണം. ദേവികുളം പൊലീസ് സ്റ്റേഷനിൽനിന്ന്‌ കോവിഡ്‌ ഡ്യൂട്ടിക്കായി വട്ടവടയിലേക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്താൻ കൂട്ടുനിൽക്കുന്നതായും ആക്ഷേപമുണ്ട്. 
   പഞ്ചായത്ത് ഓഫീസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിനായി ചൂടുവെള്ളം ഉൾപ്പെടെയുള്ള ബാത്ത് റൂം സൗകര്യം, ഭക്ഷണം എന്നിവ നൽകിയിട്ടും കോൺഗ്രസ് പ്രവർത്തകർ നൽകിയ റിസോർട്ടുകളിലാണ് ഇവർ കഴിയുന്നത്‌. ഇത്തരം നടപടികൾ കലക്ടർ ഉൾപ്പെടെയുള്ളവർ പരിശോധിക്കണമെന്നും എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top