21 September Saturday
ജലപാതങ്ങൾ സമൃദ്ധമാകുന്നു

സഞ്ചാരികളെ ഇതിലേ... ഇതിലേ...

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

മഴയുടെ വരവോടെ വീണ്ടും സജീവമായ ചീയപ്പാറ വെള്ളച്ചാട്ടം

 കട്ടപ്പന 

മഴക്കാലമായതോടെ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ എല്ലാം ഇപ്പോൾ ജലസമൃദ്ധമാവുകയാണ‌്. വേനൽക്കാലത്ത‌് മെലിഞ്ഞുണങ്ങിയ ജലപാതങ്ങൾ നിറഞ്ഞൊഴുകുന്നു. സഞ്ചാരികൾക്ക‌് എന്നും നയനമനോഹര കാഴ്ചയാണ്‌ വെള്ളച്ചാട്ടങ്ങൾ  സമ്മാനിക്കുന്നത്‌. സഹ്യന്റെ പച്ചത്തലപ്പുകളെ വകഞ്ഞുമാറ്റി കരിമ്പാറകെട്ടുകളിൽ തല്ലിപ്പതഞ്ഞ്‌ എത്തുന്ന ജലപാതങ്ങൾ ജില്ലയിലെമ്പാടും കാണാൻ കഴിയും. വെള്ളച്ചാട്ടങ്ങൾ മഴക്കാല വിനോദസഞ്ചാരത്തിന‌് വൻ സാധ്യതയാണ‌് തുറക്കുന്നത‌്. ചെറുതും വലതും എത്തിപ്പെടാൻ സാധിക്കാത്തതുമായ നൂറ‌്കണക്കിന‌് വെള്ളച്ചാട്ടങ്ങളുണ്ട‌്. ജില്ലയിലെ ഏത‌് ഭാഗത്ത‌ുകൂടി യാത്ര ചെയ്താലും ഒരു കിലോമീറ്റർ ദൂരത്തിനുള്ളിൽ ചെറുതോ വലുതോ ആയ ഒരു വെള്ളച്ചാട്ടമെങ്കിലും കാണാം. 
 കേരളത്തിലെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തൊമ്മൻകുത്ത് വെള്ളച്ചാട്ടം. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് കീഴാർകുത്ത് വെള്ളച്ചാട്ടം. തൊടുപുഴ-‐ കരിമണ്ണൂർ-‐ ഉടുമ്പന്നൂർ‐ ചീനിക്കുഴി‐ -മലയിഞ്ചി -വഴിയാണ് കീഴാർകുത്ത് വെള്ളച്ചാട്ടത്തിലെത്തിച്ചേരുക. കൊച്ചി-‐ ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴുതട്ടുകളിലായി പതിക്കുന്ന ഈ വെള്ളച്ചാട്ടം വർഷകാലത്ത്‌ സമൃദ്ധമാണ്.
പൂപ്പാറ‐ മൂന്നാർ റോഡിലാണ‌് പെരിയകനാൽ വെള്ളച്ചാട്ടം. ടാറ്റാ ടീയുടെ പെരിയ കനാൽ എസ്‌റ്റേറ്റിന്റെ അതിർത്തിയിലുള്ള തേയില തോട്ടത്തിന്റെ പച്ചപ്പും കുളിർമയും സഞ്ചാരികളിലേക്കും അനുഭൂതിയായി ഒഴുകിയിറങ്ങുന്നു. അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് മൂന്നാറിന‌് സമീപം സ്ഥിതി ചെയ്യുന്ന തൂവാനം വെള്ളച്ചാട്ടം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാറിലാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽനിന്ന‌് ഉദുമൽപേട്ടയിലേക്കുള്ള വഴിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ലക്കം വെള്ളച്ചാട്ടം.
ട്രക്കിങ്ങിൽ താൽപര്യമുള്ളവർക്ക് പോകാൻപറ്റിയ ഒരിടമാണ് ഇടുക്കിയിലെ അട്ടുകാട്‌ ജലപാതം. മൂന്നാറിന‌് സമീപം സ്ഥിതി ചെയ്യുന്ന പവർഹൗസ് വെള്ളച്ചാട്ടം പീരുമേടിന് സമീപം സ്ഥിതി ചെയ്യുന്ന മദാമ്മക്കുളം വെള്ളച്ചാട്ടം എന്നിവയും സഞ്ചാരികളുടെ പ്രിയ ഇടങ്ങളാണ‌്. ചേലച്ചുവട്‌ പെരിയാർവാലി പദ്ധതി പ്രദേശമായ ഇഞ്ചവരകുത്തും അതിനും മുകളിലായി അട്ടിക്കുളം റൂട്ടിൽ കരിമ്പൻകുത്ത്‌ ജലപാതവും മറക്കാനാകാത്ത ഓർമകളാണ‌് സമ്മാനിക്കുന്നത‌്.
കോട്ടയം-‐ കുമളി റൂട്ടിൽ മുറിഞ്ഞപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഹെയർപിൻ വളവിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം തൊട്ടടുത്തെത്തിയാൽ മാത്രമേ കാണാൻ സാധിക്കൂ.
പ്രധാന വാർത്തകൾ
 Top