24 March Sunday
കസ്‌തൂരിരംഗൻ റിേപ്പാർട്ട്‌

വാക്കുപാലിച്ച ജോയ്‌സ്‌ ജോർജ്‌ എംപി നാടിന് മാതൃക‐ കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018

 

ചെറുതോണി
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ വിശ്രമരഹിതമായ പ്രവർത്തനം നടത്തിയ ജോയ്സ് ജോർജ്‌ എംപി നാടിനാകെ മാതൃകയാണെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ്, സെക്രട്ടറി എൻ വി ബേബി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. പി ടി തോമസിന്റെയും യുഡിഎഫിന്റെയും അധികാര നാളുകളിൽ കുടിയേറ്റ ജനതയ്ക്കുമേൽ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളും നിരോധനങ്ങളും നീക്കിക്കിട്ടുന്നതിന് സമാനതകളില്ലാത്ത പ്രവർത്തനമാണ് ജനപ്രതിനിധിയെന്ന നിലയിൽ ജോയ്സ് ജോർജ്‌ നടത്തിയത്. 
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽനിന്നും കാർഷിക‐ തോട്ടം‐ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കിട്ടുന്നതിന് പാർലമെന്റിനകത്തും പുറത്തും നാലു വർഷത്തോളം നടത്തിയ നിരന്തര ഇടപെടലിന്റെ വിജയമാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗ തീരുമാനം. 2013 നവംബർ 13 ലെ യുപിഎ സർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ചും 2014 മാർച്ച് 10 ലെ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുമുള്ള നിരോധനങ്ങൾ ഇപ്പോഴും ഇടുക്കിയിൽ നിലനിൽക്കുകയാണ്. നിർമാണമേഖല പൂർണമായും നിശ്ചലമായി. പരിസ്ഥിതിലോല പ്രദേശത്താണ് എന്ന കാരണത്താൽ 18 ക്വാറികളാണ് ജില്ലയിൽ നിർത്തലാക്കിയത്‌. ഇതോടെ നിർമാണ സാമഗ്രികൾ ഉയർന്ന വിലയ്ക്ക് എറണാകുളം ജില്ലയിൽ നിന്നും കൊണ്ടുവരേണ്ട സ്ഥിതിയിലായി. റോഡ് നിർമാണം പ്രതിസന്ധിയിലായി. ഒരടി മിറ്റിൽ 17 രൂപയ്ക്ക് കിട്ടുമായിരുന്നത് 35 രൂപ വരെ ഉയർന്നു. ഇത്തരം ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് മലയോര ജനതയ്ക്ക് വേണ്ടി വൈദ്യുതി മന്ത്രി എം എം മണിയും ജോയ്സ് ജോർജ്‌ എംപിയും ഇടതുപക്ഷ നേതാക്കളും നടത്തിയ പ്രവർത്തനങ്ങൾ മഹത്തരമാണ്. 
പുതിയ തീരുമാനത്തിലൂടെ ജില്ലയിലെ 47 വില്ലേജുകളും ഇഎസ്‌എ യിൽ നിന്നും മോചിതമാവുകയാണ്. വനത്തിൽ മാത്രമായി ഇഎസ്എ നിജപ്പെടുത്താൻ സർക്കാരെടുത്ത തീരുമാനം  കർഷകരുടെ ആഗ്രഹംമാനിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്. ഉമ്മൻ വി ഉമ്മൻ സമിതിയുടെ ശുപാർശകളിൽ നിന്നും വ്യത്യസ്തമായി 1337.24 ച. കി. മീറ്റർ  ഇഎസ്്‌എ പ്രദേശം ഒഴിവാക്കിയെടുക്കാനായി. കുടിയേറ്റ കർഷകരുടെ നിലനിൽപ്പിനും അതിജീവനത്തിനും കർഷകസംഘം നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളിൽ പങ്കെടുത്ത മുഴുവൻ കൃഷിക്കാരേയും അഭിവാദ്യം ചെയ്യുന്നതായും നേതാക്കൾ പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top