20 June Sunday

സ്‌നേഹയാത്രകളുമായി 
ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

ഡിവൈഎഫ്ഐ അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ സ്നേഹയാത്രയുടെ വാഹനങ്ങൾ നിയുക്ത 
എംഎൽഎ അഡ്വ. എ രാജ ഫ്ലാഗ് ഓഫ് ചെയ്യുന്നു

 ഇടുക്കി

ഈ മഹാമാരിക്കാലത്ത് നാടിന് കൈത്താങ്ങാകുകയാണ്‌ ഡിവൈഎഫ്‌ഐ. കോവിഡിനിടയിൽ മഴകൂടി ശക്തമായതോടെ എല്ലാ പ്രവർത്തനത്തിനും നഗര ഗ്രാമ വ്യത്യാസമില്ലാതെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സജീവമാണ്‌. 
  രോഗികളെ ആശുപത്രിയിൽ എത്തിക്കാനും വാക്‌സിനേഷന്‌ കൊണ്ടുപോകാനും തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഡിവൈഎഫ്‌ഐ ഒരുക്കുന്ന സ്‌നേഹവണ്ടികൾ നാടിനാകെ ആശ്വാസമാകുകയാണ്‌. 
രാജാക്കാട്
കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്ഐ രാജാക്കാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച സ്നേഹവണ്ടികളുടെ ഫ്ലാഗോഫ്‌ മന്ത്രി എം എം മണി നിർവഹിച്ചു. വി എ കുഞ്ഞുമോൻ, എം എൻ ഹരിക്കുട്ടൻ, രാജാക്കാട്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എം എസ്‌ സതി, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വിമൽ, വൈസ്‌ പ്രസിഡന്റ് ജിതിൻ, മേഖലാ സെക്രട്ടറിമാരായ ജിൽസ്, മഹേഷ്, ബിനോയി, രാജാക്കാട് മേഖലാ പ്രസിഡന്റ്‌ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
മൂലമറ്റം  
മൂലമറ്റം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തര സഹായങ്ങൾക്കായി പത്തോളം സ്നേഹവണ്ടികളാണ് ഒരുക്കിയിരിക്കുന്നത്. അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം, ആലക്കോട്, മുട്ടം പഞ്ചായത്തുകളിലെ അടിയന്തര സഹായങ്ങൾക്കാണ് വാഹനസൗകര്യം ഏർപ്പെടുത്തിയത്. ഈ വാഹനങ്ങളുടെ സേവനം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നിയന്ത്രണത്തിൽ വെള്ളിയാഴ്ച മുതൽ ലഭിക്കും. വാഹനങ്ങളുടെ ഫ്ലാഗോഫ്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ് നിർവഹിച്ചു. മൂലമറ്റം ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ, മൂലമറ്റം ലോക്കൽ സെക്രട്ടറി പി എം ചാക്കോ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ് ആൽബിൽ വി ജോസ്‌ തുടങ്ങിയവർ പങ്കെടുത്തു.  
 കരിമണ്ണൂർ
കരിമണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്‌ ബസുകളടക്കം ഇരുപത്‌ വാഹനങ്ങളാണ് ഒരുക്കിയിട്ടുള്ളത്‌. വണ്ണപ്പുറം, കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ പഞ്ചായത്തുകളിലുള്ളവർക്കാണ് ‘ഡിവൈഎഫ്ഐയുടെ സ്നേഹയാത്ര’ എന്ന പേരിലുള്ള വാഹനസേവനം ലഭ്യമാകുക. ജില്ലാ പ്രസിഡന്റ് പി പി സുമേഷ് ഫ്ലാഗോഫ്‌ ചെയ്തു. കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് സോണി സോമി, സെക്രട്ടറി അരുൺദാസ്, കരിമണ്ണൂർ മേഖലാ സെക്രട്ടറി മനു തോമസ് എന്നിവർ സംസാരിച്ചു.
മൂന്നാർ 
മൂന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 സ്നേഹവണ്ടികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഫ്ലാഗോഫ്‌ ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്‌മണൻ, മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, വി ഒ ഷാജി, എം മഹേഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ സെന്തിൽകുമാർ, സെക്രട്ടറി പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു. മേഖലാടിസ്ഥാനത്തിൽ സ്നേഹ വണ്ടികളുടെ പ്രയോജനം ലഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
അടിമാലി
ഡിവൈഎഫ്ഐ അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്ത്രണ്ട്‌ വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ രംഗത്തിറക്കിയിരിക്കുന്നത്. സിപിഐ എം അടിമാലി ഏരിയ സെക്രട്ടറി ടി കെ ഷാജി ഉദ്‌ഘാടനംചെയ്‌തു. 
   വാഹനങ്ങളുടെ ഫ്ലാഗോഫ്‌ നിയുക്ത എംഎൽഎ അഡ്വ. എ രാജ നിർവഹിച്ചു. ഡിവൈഎഫ്ഐ അടിമാലി ബ്ലോക്ക് പ്രസിഡന്റ്‌ ജോമോൻ ജോയ് അധ്യക്ഷനായി. സെക്രട്ടറി സി എസ് സുധീഷ്, സിപിഐ എം അടിമാലി വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി കെ സുധേഷ്‌കുമാർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി തേജസ്‌ കെ ജോസ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കൃഷ്ണേന്ദു എന്നിവർ പങ്കെടുത്തു. അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ, മാങ്കുളം പഞ്ചായത്തുകളിൽ പ്രതിരോധസേന പ്രവർത്തനം ആരംഭിച്ചതായും ആവശ്യങ്ങൾക്ക് ഹെൽപ്‌ ഡെസ്കുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top