23 October Wednesday

നെടുങ്കണ്ടം ബ്ലോക്കിലെ "മുക്തി' പദ്ധതിയിൽ വൻ അഴിമതി

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

 

 
നെടുങ്കണ്ടം
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ ലഹരി വിരുദ്ധ പ്രചാരണങ്ങൾക്കായി ‘മുക്തി' എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന് പരാതി. യുഡിഎഫ് ഭരണത്തിലുള്ള ബ്ലോക്ക‌് പഞ്ചായത്തിലെ മുൻ പ്രസിഡന്റായിരുന്ന കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതിയംഗം ശ്രീമന്ദിരം ശശികുമാറാണ് ഭരണസമിതിക്കും നിർവഹണ ഉദ്യോഗസ്ഥനുമെതിരെ പരാതി നൽകിയത‌്.
2017‐ 18 സാമ്പത്തിക വർഷത്തെ 86-‐ാം നമ്പർ പദ്ധതിയിലും 2018‐ 19 വർഷത്തെ 110-‐ാം നമ്പർ സ്പിൽ ഓവർ പദ്ധതിയിലുമായി അഞ്ച് ലക്ഷം രൂപയാണ് ലഹരി വിരുദ്ധ പ്രചാരണങ്ങൾക്കായി അനുവദിച്ചത്. പദ്ധതിയിൽ നിഷ്‌കർഷിക്കുന്ന പ്രവർത്തനങ്ങൾ നടത്താതെ പദ്ധതി നിർവഹണ ഓഫീസറായ പാമ്പാടുംപാറ സിഎച്ച്സിയിലെ മെഡിക്കൽ ഓഫീസറും ഭരണകക്ഷിയിലെ ചില അംഗങ്ങളും തുക കൈക്കലാക്കിയതായാണ് പരാതി. ഇതു സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നൽകിയതായി ശശികുമാർ അറിയിച്ചു. 2017-ൽ പദ്ധതിയുടെ ഉദ്ഘാടനം രാജാക്കാട് നടത്തിയിരുന്നു. പദ്ധതിയുടെ സമാപനം നെടുങ്കണ്ടത്ത് വിപുലമായ റാലിയോടെ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടയിൽ ബ്ലോക്കിലെ എല്ലാ ഡിവിഷനുകളിലും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. 
എന്നാൽ, എൻആർ സിറ്റി, സേനാപതി, പാമ്പാടുംപാറ എന്നിവിടങ്ങളിൽ മാത്രമാണ് സെമിനാർ നടന്നതെന്ന് പരാതിയിൽ പറയുന്നു. പദ്ധതി അനുസരിച്ചുള്ള പരിപാടികൾ ഒന്നുതന്നെ നടത്താതെ പദ്ധതിക്ക് നീക്കിവച്ച തുക ചെലവഴിച്ചു കഴിഞ്ഞതായാണ് വിവരം. ഇതേ നിർവഹണ ഉദ്യോഗസ്ഥൻ നേതൃത്വം നൽകിയ അനീമിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാറ്റിവച്ച തുകയിലും വൻ അഴിമതി നടന്നതായും ശ്രീമന്ദിരം ശശികുമാർ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ പരാതിയിൽ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തണമെന്നും ഡിസിസി പ്രസിഡന്റിന് നൽകിയ പരാതിയിൽ അഴിമതി നടത്തിയ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾക്കെതിരെ പാർടി തലത്തിൽ നടപടിയെടുക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പരാതി ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ അറിയിച്ചു. 
 
പ്രധാന വാർത്തകൾ
 Top