25 June Tuesday
ശാരീരിക വെല്ലുവിളികളെ തോൽപ്പിച്ച വിജയം

ക്രിസ്റ്റോയെ അഭിനന്ദനമറിയിക്കാൻ ജനനായകനെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

 

 
 നെടുങ്കണ്ടം
വേദനയെ വായനകൊണ്ട് അതിജീവിച്ച് എസ്എസ്എൽസി പരീക്ഷയിൽ മിന്നുംവിജയം കരസ്ഥമാക്കിയ ക്രിസ്റ്റോ ബാബുവിനെ അഭിനന്ദിക്കാൻ മന്ത്രി എം എം മണിയെത്തി. തിങ്കളാഴ്ച വൈകിട്ട‌് കോമ്പയാറുള്ള വേഴംപറമ്പിൽ വീട്ടിലാണ‌് മന്ത്രി എത്തിയത്. ക്രിസ്റ്റോയ‌്ക്ക്‌ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും വിദഗ‌്ധ ചികിത്സയ‌്ക്കും തുടർപഠനത്തിനും സർക്കാർ പരമാവധി സഹായം ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ജന്മനാ ഹൈഡ്രോസെഫാൽ എന്ന രോഗം ബാധിച്ച് തലയ‌്ക്ക‌് അമിതഭാരമുള്ള ക്രിസ്റ്റോയ‌്ക്ക് പരസഹായമില്ലാതെ ചലിക്കാൻപോലും കഴിയില്ല. 
ഇതിനോടകം കാലിൽ പതിനാലും തലയ‌്ക്ക് ഒരു ശസ‌്ത്രക്രിയയും വേണ്ടിവന്നു. അമ്മ പ്രീതി എല്ലാ ദിവസവും ക്രിസ്റ്റോയെ എടുത്താണ‌് സ്കൂളിലെത്തിച്ചിരുന്നത്. വായനയെ ഏറെ ഇഷ‌്ടപ്പെടുന്ന ക്രിസ്റ്റോ അറിവിന്റെ നിറകുടമാണെന്ന‌് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. എസ്എസ്എൽസി പരീക്ഷയിൽ ക്രിസ്റ്റോയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കമാണുള്ളത്. 
മെസിയെയും വിൽമ റൂഫോൾഡിനെയും ഇഷ്ടപ്പെടുന്ന ക്രിസ്റ്റോയോട് ആരാണ് ആരാധ്യ പുരുഷനെന്ന മന്ത്രിയുടെ ചോദ്യത്തിന് മറുപടി "ചെ ഗുവേര’ എന്നായിരുന്നു. കൈയിൽ കരുതിയ സമ്മാനവും ക്രിസ്റ്റോയ‌്ക്ക് മന്ത്രി നൽകി. വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗം പി എൻ വിജയനും ക്രിസ്റ്റോയുടെ അധ്യാപകൻ റെയ്സൺ പി ജോസഫും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
 
 
 
പ്രധാന വാർത്തകൾ
 Top