24 June Monday
7 മണ്ഡലങ്ങളും ലീഡ് ചെയ്യും

എൽഡിഎഫ് ചരിത്രവിജയം നേടും: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 ചെറുതോണി  

ഇടുക്കി പാർലമെന്റ‌് മണ്ഡലത്തിൽ എൽഡിഎഫ‌് ചരിത്രവിജയം നേടുമെന്നും ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും ലീഡ് ചെയ്യുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വിലയിരുത്തി. ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തണയുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന് മണ്ഡലത്തിലുടനീളം വർധിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇടതുപക്ഷത്തിന‌് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് മണ്ഡലത്തിലാകെയുള്ളത‌്. ലോറേഞ്ചിലെ മൂന്ന് മണ്ഡലങ്ങളിലും ഇത്തവണ എൽഡിഎഫ‌് ലീഡ് ചെയ്യും. നേരത്തെ സ്ഥാനാർഥിയെ നിശ്ചയിച്ചതിനാൽ പ്രചരണരംഗത്തും പ്രവർത്തന രംഗത്തും ബഹുദൂരം മുന്നിലെത്താൻ എൽഡിഎഫിന് കഴിഞ്ഞു. എൽഡിഎഫ‌്   ഏറ്റവും മികച്ച കെട്ടുറപ്പോടെ എണ്ണയിട്ട യന്ത്രംപോലെ മണ്ഡലത്തിൽ ആകെ നിറഞ്ഞുനിന്ന് ചിട്ടയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് വർധിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ സഹായകരമാകും.
കഴിവും മികവും തെളിയിച്ച ജോയ്സ് ജോർജിന്റെ വിജയം ജനങ്ങൾ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ‌്. മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.  പാർലമെന്റിൽ അഭിമാനകരമായ പ്രവർത്തനം നടത്തിയ ജോയ്സ് ജോർജിനെ നാടൊന്നാകെ വരവേൽക്കുകയാണ്. ഒരു എംപിയുടെ സാന്നിധ്യം മണ്ഡലത്തിന് പൂർണമായും ലഭിച്ചത് ഈ കാലയളവിലാണ്. യുഡിഎഫ് നടത്തുന്ന വ്യക്തിഹത്യയും പകയുടെ രാഷ്ട്രീയവും കള്ളപ്രചരണവും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 
   ഇടുക്കിയിലെ ജനങ്ങൾ തെറ്റിദ്ധാരണകൊണ്ട് വോട്ടു ചെയ്യുന്നവരാണെന്ന യുഡിഎഫ് സ്ഥാനാർഥിയുടെ പ്രസ്താവന മലയോര ജനതയോടുള്ള വെല്ലുവിളിയാണ്. വിവേകപൂർവം നിലപാടുകൾ സ്വീകരിക്കുകയും വിഷയാധിഷ്ഠിതമായി വസ്തുതകൾ വിലയിരുത്തി സമ്മതിദാന അവകാശം ശരിയുടെ പക്ഷത്ത് വിനിയോഗിക്കുകയും ചെയ്യുന്ന ജനതയെ കുറച്ചു കാണുന്ന രീതിക്കെതിരെ ജനങ്ങൾ വിധിയെഴുതും. 
ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ആരാണ് ഇടുക്കിയുടെ ജനങ്ങൾക്കുമേൽ കൊണ്ടു വന്നതെന്നാണ് പ്രസക്തമായ ചോദ്യം. അതിൽനിന്നും ഒഴിഞ്ഞുമാറാൻ കോൺഗ്രസിന് കഴിയില്ല. 2013 നവംബർ 13ന് യുപിഎ സർക്കാർ ഇറക്കിയ ഉത്തരവിലൂടെ ജില്ലയിലെ 47 വില്ലേജുകളും ഇഎസ്എ ആക്കിയത് കോൺഗ്രസാണ്. ജോയ്സ് ജോർജിന്റെയും എൽഡിഎഫ് സർക്കാരിന്റെയും ഇടപെടലിലൂടെയാണ് നിരോധനങ്ങൾ നീക്കം ചെയ്യാനായത്. 4750 കോടിയുടെ വികസനത്തെ കുറച്ചു കാട്ടാൻ ശ്രമിക്കുന്നവരുടെ എംപിമാർ കഴിഞ്ഞ കാലങ്ങളിൽ എന്താണ് മണ്ഡലത്തിൽ ചെയ്തതെന്ന് വിശദമാക്കാൻ തയ്യാറാവണം. ഉപാധിരഹിത പട്ടയം ക്ഷേമപെൻഷനുകൾ, പൊതുവിദ്യാഭ്യാസ മുന്നേറ്റം ഉൾപ്പെടെയുള്ള എൽഡിഎഫ് സർക്കാരിന്റെ ഭരണ മികവിനും തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ പിന്തുണ നൽകും. മതസ്വാതന്ത്ര്യവും മൗലികാവകാശവും സംരക്ഷിക്കാൻ ഭരണഘടന നിലനിൽക്കേണ്ടതുണ്ട്. 
   ഇടതുപക്ഷത്തിന്റെ ശക്തി വർധിച്ചാൽ മാത്രമേ മതേതര സർക്കാർ രൂപീകരിക്കാൻ കഴിയൂ. ഇന്നത്തെ കോൺഗ്രസ‌് ജനപ്രതിനിധികൾ നാളെ ബിജെപി ആയി മാറുകയാണ്. റിസോർട്ടിൽ പൂട്ടിയിട്ടാണ് കോൺഗ്രസ‌് എംപിമാരെ സംരക്ഷിക്കുന്നത്. ഇക്കാര്യത്തിൽ സ്ഫടികതുല്യമായ വിശ്വസ്തത തെളിയിച്ച ആളാണ് ജോയ്സ് ജോർജ‌്. മതേതര സർക്കാരിനുവേണ്ടി ഇടുക്കിയിലെ ജനങ്ങളുടെ പ്രതിനിധിയായി കൈയുയർത്താൻ ജോയ്സ് ജോർജ‌് ഡൽഹിയിലുണ്ടാവണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top