25 May Saturday

ബ്ലോക്ക്‌ പഞ്ചാ. തുക നൽകിയില്ല ഹയറിങ്‌ സെന്റർ സംഘടനയുടെ പട്ടിണിസമരം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 

നെടുങ്കണ്ടം
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നടന്ന ശിലാസ്ഥാപന ചടങ്ങിന് പന്തല്‍ നിര്‍മിച്ചവര്‍ക്ക് വാടക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹയറിങ‌് സെന്റർ സംഘടനയുടെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് വിഷുദിനത്തിൽ പന്തല്‍ കെട്ടി പട്ടിണിസമരം നടത്തുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 
മാര്‍ച്ച് രണ്ടിന് നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിനോട് അനുബന്ധിച്ചുള്ള ശിലാസ്ഥാപന ചടങ്ങിനായാണ് മുണ്ടിയെരുമ സ്വദേശിയായ രാഹുല്‍ രമേശ് സ്റ്റേജ്, പന്തല്‍, കസേര മുതലായവ ക്രമീകരിച്ചത്. പന്തല്‍ നിർമിച്ച ഇനത്തില്‍ രാഹുലിന് 17,000 രൂപ ലഭിക്കാനുണ്ട്. ആശുപത്രി അധികൃതരും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തുക ലഭിക്കാത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പലതവണ ആശുപത്രിയിലും ബ്ലോക്ക് പഞ്ചായത്തിലും കയറിയിറങ്ങിയെങ്കിലും തുക ലഭിച്ചില്ല. ഇതിനിടെ ആശുപത്രിയില്‍നിന്നും നല്‍കിയ ചെക്ക് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മോഹനൻ ഒപ്പിടാതെ വലിച്ചുകീറി കളഞ്ഞതായും ഇവര്‍ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ ആശുപത്രി വികസന സമിതിയാണ് പന്തല്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടത്. ഒന്നര മാസം പിന്നിട്ടിട്ടും പണം ലഭിക്കാതെ വന്നതോടെ പന്തലുടമ അസോസിയേഷനെ സമീപിക്കുകയായിരുന്നു. ഹയറിങ‌് സെന്ററുകളുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും പണം ലഭിച്ചില്ല. തുടര്‍ന്നാണ് വിഷുദിനത്തിൽ രാവിലെ 10 മുതല്‍ അഞ്ച് വരെ നെടുങ്കണ്ടം കിഴക്കേക്കവലയില്‍ പന്തല്‍ കെട്ടി പട്ടിണിസമരം നടത്തുന്നത്. സമരത്തില്‍ ജില്ലയിലെ അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന കമ്മിറ്റിയംഗം കെ എന്‍ മോഹനന്‍, രാഹുല്‍ രമേശ് എന്നിവര്‍ പറഞ്ഞു.
 
,
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top