26 March Tuesday

അനുമതി ഇല്ലാതെ ബാനർ പതിക്കരുത‌്; ഉച്ചഭാഷിണിക്ക‌് നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
ഇടുക്കി
തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഭാഗമായി വ്യക്തികളുടെ ഭൂമി, വീട്, ചുറ്റുമതിൽ എന്നിവയിൽ അനുമതിയില്ലാതെ ബാനർ, പോസ്റ്റർ മുതലായവ പതിക്കരുത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണം. പാർടികളും സ്ഥാനാർഥികളും അനുയായികളും മറ്റു കക്ഷികൾ സംഘടിപ്പിക്കുന്ന യോഗങ്ങൾ തടസ്സപ്പെടുത്തരുത്. ഒരേ സമയം ഒരിടത്ത‌് ഒന്നിലധികം പാർടികളുടെ പരിപാടി നടത്താൻ പാടില്ല.
    പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കാൻ പാടില്ല. രാഷ്ട്രീയ പാർടികളുടെ യോഗം, പ്രകടനം എന്നിവ തുടങ്ങുന്ന സമയം, കടന്നുപോകുന്ന സ്ഥലങ്ങൾ, അവസാനിപ്പിക്കുന്ന സ്ഥലം, സമയം എന്നിവ മുൻകൂട്ടി പൊലീസിനെ അറിയിക്കണം. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണം. പരമാവധി റോഡിന്റെ വലത്തുവശത്തുകൂടി പ്രകടനങ്ങൾ നടത്താൻ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തരുത‌്. സ്വാതന്ത്ര്യത്തോടെ വോട്ടവകാശം വിനിയോഗിക്കുന്നതിനും രാഷ്ട്രീയ പാർടി പ്രവർത്തകർ സഹകരിക്കണം. പോളിങ് ഏജന്റുമാർക്ക് ബാഡ‌്ജും തിരിച്ചറിയൽ കാർഡും നൽകണം. വോട്ടർമാർക്ക് വിതരണം ചെയ്യുന്ന തിരിച്ചറിയൽ സ്ലിപ്പിൽ സ്ഥാനാർഥിയുടെ ചിഹ്നമോ, പേരോ, രാഷ്ട്രീയ പാർടിയുടെ പേരോ ഉണ്ടാവരുത‌്. പോളിങ‌് ബൂത്തുകൾക്ക് സമീപമുള്ള രാഷ്ട്രീയ പാർടികളുടെ ക്യാമ്പുകളിൽ  സ്ഥാനാർഥികളുടെ പോസ്റ്ററുകൾ, കൊടിതോരണങ്ങൾ, ചിഹ്നങ്ങൾ, എന്നിവ പ്രദർശിപ്പിക്കരുത്. വോട്ടെടുപ്പ് ദിവസങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് എടുത്തിട്ടുള്ള പെർമിറ്റുകൾ കൃത്യമായി വാഹനങ്ങളിൽ പതിപ്പിക്കണം. സമ്മതിദായകർ അല്ലാത്തവർ തെരഞ്ഞെടുപ്പ‌് കമീഷൻ നൽകുന്ന പാസുകൾ ഇല്ലാതെ പോളിങ‌് ബൂത്തുകളിൽ പ്രവേശിക്കാൻ പാടില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പരാതികൾ തെരഞ്ഞെടുപ്പ‌് കമീഷൻ നിയോഗിക്കുന്ന നിരീക്ഷകന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും യോഗത്തിൽ അധികൃതർ പറഞ്ഞു. 
 മന്ത്രിമാർ ഔദ്യോഗിക സന്ദർശനങ്ങളോടൊപ്പം തെരഞ്ഞെടുപ്പ‌് പ്രചാരണം നടത്തുന്നതും ഔദ്യോഗിക വാഹനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതും പെരുമാറ്റച്ചട്ട ലംഘനമാണ്. സർക്കാർ താമസസൗകര്യങ്ങൾ ഭരണേതര കക്ഷികൾക്കും തുല്യമായി അനുവദിക്കും. പൊതുഫണ്ട് ഉപയോഗിച്ചുള്ള പരസ്യങ്ങൾ പാടില്ല. പുതിയ സാമ്പത്തിക വാഗ്ദാനങ്ങൾ, ഗ്രാന്റ് അനുവദിക്കൽ, പുതിയ പ്രോജക്ടുകൾക്കായുള്ള കല്ലിടൽ, റോഡ് നിർമാണം, കുടിവെള്ള വിതരണം തുടങ്ങിയ വാഗ്ദാനങ്ങൾ, താൽക്കാലിക നിയമനങ്ങൾ എന്നിവ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം നടത്താൻ പാടില്ല. 
 എഡിഎം അനിൽ ഉമ്മൻ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജോസ് ജോർജ‌് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീകരായ കെ എസ് പ്രകാശ്, എം ജി ശശി എന്നിവർ ക്ലാസെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top