04 July Saturday

ജനഹൃദയം അറിയാൻ 23 ചോദ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
അടിമാലി 
ഇരുപത്തിമൂന്ന്‌ ചോദ്യങ്ങളിലൂടെ കെഎസ്‌ഇബിക്ക്‌ മാർക്കിട്ട്‌ ജനങ്ങൾ. എല്ലാത്തിനും സാക്ഷിയായി മന്ത്രി എം എം മണി. വൈദ്യുതി വകുപ്പിന്റെ ജില്ലയിലെ ആദ്യ സോഷ്യൽ ഓഡിറ്റിന്‌ ചിത്തിരപുരം കെഎസ്‌ഇബി ഡിവിഷനിൽ ആനച്ചാലിലാണ്‌ വേദിയൊരുങ്ങിയത്‌. അറുപത്തഞ്ചോളം ആളുകളിൽനിന്ന്‌ ചോദ്യാവലിയിലൂടെ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു.
 വൈദ്യുതിയുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കാൻ ആദ്യം സമീപിക്കുന്നത് ആരെയാണ്, ഓൺലൈൻ ബില്ലിങ് സംവിധാനത്തിൽ പോരായ്‌മകളുണ്ടോ, കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വേഗത്തിൽ പരിഹാരം ലഭിക്കാറുണ്ടോ; തുടങ്ങി 23 ചോദ്യങ്ങളിലൂടെയാണ് വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്.
 ജനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് ബോർഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന സോഷ്യൽ ഓഡിറ്റ്‌ മന്ത്രി എം എം മണി  ഉദ്‌ഘാടനം ചെയ്‌തു. എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. വീടുകളുടെയും വലിയ കെട്ടിടങ്ങളുടെയും മുകളിൽ സോളാർപാനലുകൾ സ്ഥാപിക്കുകയും ഒപ്പം ജലാശയങ്ങളിൽ ഫ്ലോട്ടിങ്‌ സോളാർ രീതികൾ ഉപയോഗിച്ചും സൗരോർജം കൂടുതലായി ഉൽപ്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
 ജില്ലയിലെ ഒമ്പത്‌ പഞ്ചായത്തുകളിലായി 856 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ചിത്തിരപുരം ഡിവിഷനു കീഴിൽ 20,000 ത്തോളം ഉപഭോക്താക്കളാണ്‌ നിലവിലുള്ളത്. ആറുമാസത്തിനുള്ളിൽ ഉപഭോക്താക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോർഡ് സ്വീകരിക്കേണ്ട പുതിയ ക്രമീകരണങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കും. ചിത്തിരപുരം ഡിവിഷനുകീഴിൽ ഉപഭോക്താക്കൾ നേരിടുന്ന വൈദ്യുതി തടസ്സം ഉൾപ്പെടയെുള്ള കാര്യങ്ങളിൽ ബോർഡ് പുതിയ ക്രമീകരണങ്ങൾ നടത്തുമെന്നും അതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
  പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജി മാത്യു, തുളസീഭായി കൃഷ്ണൻ, മേഴ്സി തോമസ്,  ചീഫ് എൻജിനിയർ ജെയിംസ് എം ഡേവിഡ്,  ഉന്നത ഉദ്യോഗസ്ഥരായ എ റഹിം,  ഡെന്നീസ് രാജൻ, ഡാലിയ ശ്രീധർ എന്നിവർ പങ്കെടുത്തു 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top