05 December Thursday

ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024
തൊടുപുഴ
മാലിന്യ പരിപാലനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്‌ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയിൽ ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കുട്ടികൾ പങ്കെടുക്കും. 200 കുട്ടികളെ പങ്കെടുപ്പിച്ചാകും ഒരോ ഹരിതസഭയും നടക്കുക. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കും. വിദ്യാലയങ്ങളിലെ ശുചിത്വ–മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസർമാരായ അധ്യാപകരും ഹരിതസഭയുടെ ഭാഗമാകും. ഹരിത ചട്ടങ്ങൾ പാലിച്ചാണ് സഭ സംഘടിപ്പിക്കുന്നത്.
എല്ലാ മാലിന്യ പ്രശ്‌നങ്ങളും ഹരിതസഭയിൽ
വിദ്യാലയങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ അതത് തദ്ദേശഭരണ പ്രദേശത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സ്ഥിതിവിലയിരുത്തി, റിപ്പോർട്ട് തയ്യാറാക്കി സഭയിൽ അവതരിപ്പിക്കും. സ്‌കൂളിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ നിരീക്ഷണങ്ങൾ, മാലിന്യം കൈകാര്യം ചെയ്യുന്ന രീതി, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതുമായ പ്രശ്‌നങ്ങൾ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികൾ, ദ്രവമാലിന്യ സംസ്‌കരണ രംഗത്തെ പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യും. 11, 12 ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട എൻഎസ്എസ് വളന്റിയർമാരാണ് ഹരിതസഭ നിയന്ത്രിക്കുന്നത്. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കില, ആർജിഎസ്എ തുടങ്ങിയവയിലെ റിസോഴ്‌സ്‌ പേഴ്‌സൺമാരുടെ സേവനവും ലഭ്യമാകും.
നടപടിയെടുക്കാൻ 
പഞ്ചായത്ത്
കുട്ടികൾ കണ്ടെത്തിയതും ശേഖരിച്ചതുമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പരിശോധിച്ച്, തദ്ദേശഭരണ സ്ഥാപനം തുടർ നടപടി സ്വീകരിക്കും. വിദ്യാർഥികൾക്ക് അവരവരുടെ വീട്ടിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്താനും പോരായ്‌മകൾ കണ്ടെത്തി പഞ്ചായത്തിൽ അറിയിക്കാനും സഭ പ്രയോജനപ്പെടുത്താം.
തദ്ദേശഭരണ സ്ഥാപനം മാലിന്യ സംസ്‌കരണ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച പരാതികളും ഓരോ പരാതിയിൽ സ്വീകരിച്ച നടപടികളും സംബന്ധിച്ച് അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ സഭയിൽ റിപ്പോർട്ട് അവതരിപ്പിക്കണം. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ജനപ്രതിനിധികളോട് ചോദ്യങ്ങൾ ചോദിക്കാം. ഉപജില്ലാ കലോത്സവം നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഹരിതസഭ 18ന്‌ നടക്കും.
ജില്ലാതല ഉദ്ഘാടനം 
ഉടുമ്പന്നൂരിൽ
പരിപാടിയുടെ ജില്ലാതലം വ്യാഴം രാവിലെ 10ന് ഉടുമ്പന്നൂർ സെന്റ്‌ ജോസഫ്‌സ് എൽപി സ്‌കൂളിൽ ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് ഷൈജു ജേക്കബ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് അധ്യക്ഷനാകും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഉടുമ്പന്നൂർ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളെയും ഹരിത വിദ്യാലയമാക്കിയിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റും ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. അജയ് പി കൃഷ്ണയും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top