13 December Friday

കപ്പടിച്ചേ... കട്ടപ്പന

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

ജില്ലാ സ്‌കൂൾ കായികമേളയിൽ ഓവറോൾ നേടിയ കട്ടപ്പന സബ്‌ജില്ലാ ടീം

 
തൊടുപുഴ
പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കായികകിരീടം തിരിച്ചുപിടിച്ച്‌ ഹൈറേഞ്ച‌്. 34 സ്വർണവും 35 വെള്ളിയും 24 വെങ്കലവുമായി 325 പോയിന്റോടെ കട്ടപ്പന ഉപജില്ല റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ ഓവറോൾ കിരീടമണിഞ്ഞു. അടിമാലി ഉപജില്ലയ്‌ക്കാണ‌് രണ്ടാംസ്ഥാനം‐ 209 പോയിന്റ‌്. 25 സ്വർണമെഡലും 17 വീതം വെള്ളി, വെങ്കല മെഡലുകളും അടിമാലി കരസ്ഥമാക്കി. 
തുടർച്ചയായി കായികകിരീടം ചൂടിയിരുന്ന തൊടുപുഴ ഉപജില്ല മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. വണ്ണപ്പുറം എസ‌്എൻഎം വിഎച്ച‌്എസ‌്എസിലെ കായികതാരങ്ങളുടെ തോളിലേറിയാണ‌് വർഷങ്ങളായി തൊടുപുഴ മുന്നേറിയിരുന്നത‌്. ദ്രോണാചാര്യ കെ പി തോമസ‌ും മകൻ രാജാസും ചേർന്നാണ‌് വണ്ണപ്പുറം സ‌്കൂളിനെ മികവിലേക്ക്‌ ഉയർത്തിയിരുന്നത‌്. ഇവർ സ‌്പോർട‌്സ‌് ഹോസ്റ്റൽ നിർത്തി മടങ്ങിയതാണ‌് തൊടുപുഴയ‌്ക്ക‌് തിരിച്ചടിയായത‌്. 111 പോയിന്റുമായാണ‌് തൊടുപുഴ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടത‌്. ഒമ്പത് സ്വർണം, 16 വെള്ളി, 14 വെങ്കലം എന്നിവയാണ് ലഭിച്ചത്. 83 പോയിന്റുമായി നെടുങ്കണ്ടം നാലാംസ്ഥാനത്തും 54 പോയിന്റുമായി പീരുമേട് അഞ്ചാം സ്ഥാനത്തുമാണ്. ആറും ഏഴും സ്ഥാനങ്ങളിലുള്ള അറക്കുളം, മൂന്നാർ ഉപജില്ലകൾക്ക് യഥാക്രമം 22, 11 പോയിന്റ്‌ വീതം ലഭിച്ചു. കട്ടപ്പന ഉപജില്ലയിലെ ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസ് മികച്ച സ്‌കൂളിനുള്ള ഓവറോൾ കരസ്ഥമാക്കി. 16 സ്വർണം, 13 വെള്ളി, 14 വെങ്കലം എന്നിവയുമായി 133 പോയിന്റാണ് ഇരട്ടയാർ സ്‌കൂളിനുള്ളത്. അടിമാലി ഉപജില്ലയിലെ എൻആർ സിറ്റി എസ്എൻവി എച്ച്എസ്എസാണ‌് റണ്ണറപ്പ‌്. 16 സ്വർണം, എട്ട് വെള്ളി, ഏഴ് വെങ്കലം എന്നിവയോടെ 111 പോയിന്റ്‌ ലഭിച്ചു. തൊടുപുഴ ഉപജില്ലയിലെ മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസ് മൂന്നാമതെത്തി. ആറു വീതം സ്വർണം, വെള്ളി, അഞ്ച് വെങ്കലം എന്നിവയോടെ 53 പോയിന്റ്‌ കരസ്ഥമാക്കി. 
 
 
പ്രധാന വാർത്തകൾ
 Top