14 December Saturday

ഇടുക്കി അയ്യപ്പൻകോവിലിൽ ബിജെപി സംഘം വീടുകയറി ആക്രമിച്ചു: നാല്‌ പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
അയ്യപ്പൻകോവിൽ > ബിജെപിക്കാർ വീടുകയറി നടത്തിയ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരടക്കം നാലുപേർക്ക്‌ പരിക്കേറ്റു. അയ്യപ്പൻകോവിൽ ചെന്നിനായ്ക്കൻകുടി സ്വദേശികളായ പഴയിരുപറമ്പിൽ സsന്തോഷ്, മകൻ ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനൂപ് എസ് നായർ, അനൂപിന്റെ അമ്മ രജിമോൾ സന്തോഷ്, ഡിവൈഎഫ്ഐ ചെന്നിനായ്ക്കൻകുടി യൂണിറ്റ് പ്രസിഡന്റ്‌ നാരങ്ങാനം വീട്ടിൽ അജിത് കുഞ്ഞുമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ ബിജെപി നേതാവും അയ്യപ്പൻകോവിൽ പഞ്ചായത്ത് അംഗവുമായ പുള്ളോലിൽ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
 
ഷിനു പുള്ളോലിൽ, പ്രസാദ് പുള്ളോലിൽ, നടുപ്പറമ്പിൽ ജിജു, താളിയാനിൽ ആനന്ദ്, ഉണക്കപ്പാറ ബിനു, മാങ്കൂട്ടത്തിൽ പ്രസന്നൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 
മുമ്പ് ബിജെപി പ്രവർത്തകനായിരുന്ന അനൂപ് രാജിവച്ച് ഡിവൈഎഫ്ഐയിൽ ചേർന്നു പ്രവർത്തിക്കുന്നത് ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ചെന്നിനായ്ക്കൻകുടിയിൽ ഡിവൈഎഫ്ഐ പുതിയ യൂണിറ്റ്‌ ആരംഭിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്‌തു.
 
ഇതേതുടർന്ന്‌ അനൂപിനും അജിത്തിനും നേരിട്ടും ഫോണിലൂടെയും ഭീഷണി ഉണ്ടായിരുന്നതായി പറയുന്നു. ചൊവ്വാഴ്ച അജിത് കുഞ്ഞുമോനെ മർദിച്ച അക്രമിസംഘം പിന്നീട് അനൂപിനെയും മർദിച്ചു. തടയാനെത്തിയ സന്തോഷിനെയും തല്ലിച്ചതച്ചു. സമീപത്തുള്ള അനൂപിന്റെ വീട്ടിലേക്ക്‌ അതിക്രമിച്ച് കയറി ജനൽ ചില്ലുകൾ അടിച്ചുതകർത്തു. വീടിനടുത്തുള്ള കയ്യാല പൊളിച്ച കല്ലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച അനൂപിന്റെ അമ്മ രജിമോളെയും മർദിച്ചശേഷം സംഘം രക്ഷപെട്ടു. പരിക്കേറ്റവർ കട്ടപ്പന സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top