01 June Monday
തൊടുപുഴ കെഎസ‌്ആർടിസി ഡിപ്പോ

ഒഴിപ്പിക്കാനുറച്ച‌് നഗരസഭ; നടപടി രാഷ‌്ട്രീയപ്രേരിതം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

 തൊടുപുഴ

തൊടുപുഴ ലോറി സ‌്റ്റാൻഡിൽ നിന്നും കെഎസ‌്ആർടിസിയുടെ താൽക്കാലിക ഡിപ്പോ ഒഴിപ്പിക്കാൻ നഗരസഭയുടെ നീക്കം. ശനിയാ‌ഴ‌്ച വരെയാണ‌് ഡിപ്പോയ‌്ക്ക‌് നഗരസഭ പ്രവർത്തനാനുമതി നൽകിയിരുന്നത‌്.  ഡിപ്പോ ഒഴിയണമെന്ന‌് ആവശ്യപ്പെട്ട‌്  രണ്ടുതവണ നഗരസഭ കത്ത‌് നൽകിയിരുന്നു.  കാലാവധി അവസാനിച്ച സാഹചര്യത്തിൽ ബുധനാഴ‌്ച ചേരുന്ന നഗരസഭാ കൗൺസിൽ യോഗം ചർച്ച ചെയ‌്ത‌് അടുത്ത നടപടി ആലോചിക്കും. എന്നാൽ, പുതിയ ഡിപ്പോ പൂർണ പ്രവർത്തനസജ്ജമാവാതെ മാറാനാകില്ലെന്ന നിലപാടിലാണ‌് കെഎസ‌്ആർടിസി. നഗരസഭയുടെ നീക്കം രാഷ‌്ട്രീയ പ്രേരിതമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട‌്. സ്ഥലസൗകര്യമില്ലാതെ വന്നാൽ, തൊടുപുഴ ഡിപ്പോ തന്നെ ഇല്ലതായേക്കും. സാവകാശം നൽകിയില്ലെങ്കിൽ, ഓപ്പറേറ്റിങ‌് സെന്ററാക്കി നിലനിർത്തി സമീപ ഡിപ്പോകളിലേയ‌്ക്ക‌് ഇവിടെ നിന്നുള്ള ബസുകൾ മാറ്റേണ്ട സാഹചര്യം ഉണ്ടാകുമെന്നും അധികൃതർ പറയുന്നു.
പുതിയ കെഎസ‌്ആർടിസി ഡിപ്പോ നിർമാണവുമായി ബന്ധപ്പെട്ട‌് ഏഴു വർഷം മുൻപാണ‌് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോറി സ‌്റ്റാൻഡിൽ താൽക്കാലിക ഡിപ്പോ പ്രവർത്തനം ആരംഭിച്ചത‌്. പുതിയ ഡിപ്പോനിർമാണം പൂർത്തിയാക്കുന്നതു വരെ പ്രവർത്തിക്കാമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, നിർമാണം അനന്തമായി നീണ്ടു. യുഡിഎഫ‌് മന്ത്രിസഭയിൽ മന്ത്രിയും എംഎൽഎയുമൊക്കെയായിരുന്ന  പി ജെ ജോസഫ‌്  10 കോടി രൂപ ഡിപ്പോ നിർമാണത്തിന‌്  നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചത‌്.  വെറും ഒരു കോടി രൂപ മാത്രമാണ‌് അനുവദിച്ചത‌്. ഇതിനു ശേഷം 50 ലക്ഷം നൽകുമെന്ന‌് പറഞ്ഞെങ്കിലും  സാങ്കേതികപ്രശ‌്നങ്ങളിൽ അതും മുടങ്ങി. കെഎസ‌്ആർടിസി യുടെ തനതുഫണ്ട‌് ഉപയോഗിച്ചാണ‌് ഡിപ്പോയുടെ നിർമാണമത്രയും നടത്തിയത‌്. ഇടയ‌്ക്ക‌് കെഎസ‌്ആർടിസിക്ക‌് നേരിട്ട  സാമ്പത്തികപ്രതിസന്ധിയാണ‌് നിർമാണം ഇഴയാൻ കാരണമായത‌്. 
എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയ ശേഷം നിർമാണത്തിൽ പുരോഗതി വന്നിരുന്നു. പുതിയ ഡിപ്പോയിൽ ഡീസൽ അടിക്കാൻ പമ്പ‌് സ്ഥാപിച്ചു. യുഡിഎഫ‌് ഭരണനാളിൽ നഗരത്തിലെ സ്വകാര്യ പമ്പുകളിൽ നിന്നായിരുന്നു കെഎസ‌്ആർടിസി ബസുകളിൽ ഡീസൽ നിറച്ചിരുന്നത‌്. പുതിയ മന്ദിരത്തിലെ പണിപൂർത്തീകരിച്ച കടമുറികൾക്ക‌്  ടെൻഡർ ക്ഷണിച്ചെങ്കിലും പൂർണമായി ലേലം കൊണ്ടിട്ടില്ല. കെട്ടിടത്തിന്റെ അനുബന്ധ ജോലികൾ മാത്രമാണ‌് ബാക്കിയുള്ളത‌്. ഇതിന‌് 1.16 കോടി രൂപ വേണ്ടിവരും. നിലവിലുള്ള ഷോപ്പിങ‌് കോംപ്ലക‌്സ‌് പണി പൂർത്തീകരിച്ച‌് തുറന്നു കൊടുത്ത‌് വരുമാനം കണ്ടെത്തുക എന്നതാണ‌് കെഎസ‌്ആർടിസിയുടെ മുന്നിലുള്ള മാർഗം.   നിലവിൽ മുറികൾ കൈമാറ്റം ചെയ‌്ത വകയിൽ ലഭിച്ച വരുമാനം ഉപയോഗിച്ചാണ‌് ഇലക‌്ട്രിക്കൽ, ഫയറിങ‌് ജോലികൾ നടത്തുന്നത‌്. ബാക്കിയുള്ള മുറികൾ ടെൻഡർ ചെയ‌്ത‌് ലഭിക്കുന്ന പണം വിനിയോഗിച്ച‌് നിർമാണം പൂർത്തീകരിക്കാനാണ‌് കെഎസ‌്ആർടിസിയുടെ ശ്രമം.
പൂർത്തിയാകാത്ത മന്ദിരത്തിലേയ‌്ക്ക‌് ഡിപ്പോ മാറ്റി പ്രവർത്തിക്കുകയെന്നത‌് അപ്രായോഗികമാണെന്ന‌് അധികൃതർ വ്യക്തമാക്കുന്നു. സ‌്റ്റേഷൻ മാസ്റ്റർ ഓഫീസും കംപ്യുട്ടർ സംവിധാനവും ജീവനക്കാർക്ക‌് വിശ്രമമുറിയുമെല്ലാം ഒരുക്കേണ്ടതുണ്ട‌്.   സാമ്പത്തികപ്രതിസന്ധിക്കുള്ളിൽ നിന്നാണ‌് പടിപടിയായി നിർമാണം നടത്തുന്നത‌്. നിർബന്ധപൂർവം കുടിയൊഴിപ്പിക്കാൻ ശ്രമിച്ചാൽ  ഒരു പക്ഷെ ഡിപ്പോയുടെ പ്രവർത്തനം തന്നെ അവതാളത്തിലായേക്കും. ഓപ്പറേറ്റിങ‌് സെന്ററാക്കി നിലനിർത്തി സമീപ ഡിപ്പോകളിലേയ‌്ക്ക‌്  ബസുകൾ മാറ്റാൻ കെഎസ‌്ആർടിസി നിർബന്ധിതമായേക്കുമെന്നറിയുന്നു. കേരള കോൺഗ്രസ‌് പാർടിയിലെ അധികാരതർക്കത്തിൽ മുഴുകി കിടക്കുന്ന പി ജെ ജോസഫ‌് എംഎൽ‌എ ഇതുവരെ പ്രശ‌്നത്തിൽ നിലപാടും വ്യക്തമാക്കിയിട്ടില്ല.
 
 
പ്രധാന വാർത്തകൾ
 Top