15 December Sunday
കാട്ടാനയെ തുരത്തുന്നതിനിടെ

പടക്കംപൊട്ടി കര്‍ഷകന് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

 

 
മറയൂർ
വീട്ടുമുറ്റത്തെ കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ കർഷകന് പരിക്ക്. കാന്തല്ലൂർ പെരടിപള്ളം സ്വദേശി മണികണ്ഠന്റെ(46) വലതുകൈപ്പത്തിക്കാണ്‌ സാരമായി പരിക്കേറ്റത്. രാത്രി രണ്ടോടെ വീടിന് സമീപമുള്ള കവുങ്ങുകൾ കുത്തിമറിക്കുന്ന ശബ്ദം കേട്ട്‌ നോക്കിയപ്പോഴാണ്‌ മണികണ്ഠൻ കാട്ടാനയെ കണ്ടത്‌. വീട്ടിലുണ്ടായിരുന്ന ഓല‌പ്പടക്കങ്ങൾ പൊട്ടിച്ചപ്പോൾ മണികണ്ഠനുനേരെ കാട്ടാന പാഞ്ഞടുത്തു. ചിന്നം വിളിച്ചെത്തിയ കൊമ്പനെകണ്ട്‌ ഭയന്ന് ഓടിമാറുന്നതിനിടെയാണ് കൈയിലിരുന്ന പടക്കം പൊട്ടി പരിക്കേറ്റത്‌. 
 ഈ സമയം വീട്ടിൽ ഭാര്യ മല്ലിക മാത്രമാണ് ഉണ്ടായിരുന്നത്. മണികണ്ഠന്റെ അനുജനെ വിളിച്ചുവരുത്തി മറയൂർ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ വിദഗ്ധ ചികിത്സയ്‌ക്കായി പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ തോട്ടത്തിൽ മുന്നൂറിലധികം വിളവെടുക്കുന്ന കവുങ്ങുകൾ ഉണ്ടായിരുന്നു. മൂന്ന് വർഷമായി തുടരുന്ന കാട്ടാന ശല്യത്തിൽ നാമമാത്രമായ കവുങ്ങുകളാണ്‌ ഇപ്പോൾ അവശേഷിക്കുന്നത്‌.
കാന്തല്ലൂർ പഞ്ചായത്തിലെ വെട്ടുകാട്, കീഴാന്തൂർ, പെരടിപള്ളം എന്നീ മേഖലകളിൽ കാട്ടാന ശല്യത്തിൽ ഹെക്ടർ കണക്കിന് കൃഷിയാണ് ഇല്ലാതായത്‌. കാട്ടാനശല്യം നേരിടാൻ സർക്കാർ പ്രഖ്യാപിച്ച റാപ്പിഡ് റെ‌സ്‌പോൺസ്‌ ടീം, വാച്ചർമാരുടെ സേവനം എന്നിവ മറയൂർ മേഖലയിലെ ഉദ്യോഗസ്ഥർ ഇതേവരെ പ്രാബല്യത്തിൽ വരുത്തിയിട്ടില്ല.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top