21 October Monday

തേയിലയുടെ പച്ചപ്പ്‌ വിലയിലില്ല; കർഷകർ കണ്ണീർക്കടലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
 
ഇടുക്കി
തേയിലത്തോട്ടങ്ങളുടെ പച്ചപ്പ്‌ കർഷകരുടെ മനസ്സിൽ ഇപ്പോഴില്ല. നിറയുന്നത്‌ ആശങ്കയുടെ കനലുകൾ. ജില്ലയിൽ പതിനേഴായിരത്തിലേറെ ചെറുകിട തേയില കർഷകരാണ്‌ പ്രതിസന്ധിയിലായത്‌. കിലോയ്‌ക്ക്‌ 23 രൂപ ലഭിച്ചിരുന്ന തേയിലക്കൊളുന്തിന്‌ വിലയിടിഞ്ഞ്‌ 12‐  12.50 രൂപയായി.
 രണ്ടുമാസത്തോളം ഉൽപ്പാദനമില്ലാതെ കിടന്ന തേയിലത്തോട്ടങ്ങളിൽ മഴയെത്തിയെങ്കിലും വിളവെടുപ്പ്‌ മെച്ചമായില്ല. ഒരേക്കറിൽനിന്ന്‌ ഒരുതവണ 1000 കിലോ കൊളുന്ത്‌ കിട്ടിയിരുന്ന തോട്ടങ്ങളിൽ ഇപ്പോൾ 450– 500 കിലോവരെ വരെയാണ്‌ ശരാശരി ലഭിക്കുന്നത്‌.
   ഉൽപ്പാദനം വർധിച്ചതോടെ വൻകിട ഫാക്ടറികൾ ചെറുകിട കർഷകരുടെ കൊളുന്ത് എടുക്കുന്നത് മൂത്ത ഇലകൾ ഒഴിവാക്കി പച്ചതിരിഞ്ഞാണ്‌. ലാഭം കൂട്ടാനായി ഏറ്റവും നല്ല കൊളുന്തുമാത്രമാണ്‌ ഫാക്ടറികൾ എടുക്കുന്നത്‌. കർഷകരിൽനിന്ന്‌ തേയില എടുക്കുന്ന ഏജന്റുമാർ കൊളുന്തിന്റെ തൂക്കം കുറയ്‌ക്കുന്നതായും കർഷകർക്ക്‌ ആക്ഷേപമുണ്ട്‌. മാർച്ച് മുതൽ ജൂലൈ വരെ അനുഭവപ്പെട്ട കനത്തചൂടിൽ തേയില കൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇടവിട്ടുള്ള മഴയും തണുപ്പുമുള്ള കാലാവസ്ഥയാണ്‌ തേയില കൃഷിക്ക്‌ അനുയോജ്യം. 
 വേനലിൽ തേയിലച്ചെടികൾക്കുണ്ടായ ചുമലക്കേട്‌ എന്ന്‌ അറിയപ്പെടുന്ന മൈറ്റ്‌സ്‌ ലാർവകൾ പടർത്തുന്ന രോഗവും കൃഷിയെ ബാധിച്ചിരുന്നു. ഇവ തോട്ടങ്ങളിലേക്ക്‌ ബാധിച്ച്‌ ഇലകളെല്ലാം കൊഴിഞ്ഞ്‌ കമ്പ്‌ ഉണക്കും. രോഗം ബാധിച്ച്‌ ഒരു സീസണിലെ വിളവെടുപ്പുതന്നെ നഷ്ടമായവരുണ്ട്‌. കീടനാശിനികൾ തളിക്കുന്നതിനുള്ള ചെലവും കൂടുതലാണ്‌. 
 
പ്രധാന വാർത്തകൾ
 Top