22 September Tuesday

കണ്ണീരൊപ്പി ജനനായകർ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

മൂന്നാർ കെടിഡിസി  ടി കൗണ്ടിയിൽ നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം 

 ഇടുക്കി

മുഖ്യമന്ത്രിയും ഗവർണറും മന്ത്രിമാരും എംപിയും എംഎൽഎമാരും പെട്ടിമുടിയുടെ കണ്ണീരൊപ്പാനെത്തി. പ്രകൃതി തരിശാക്കിയ ജീവന്റെ നിശ്വാസം പതിഞ്ഞമർന്ന മണ്ണിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ്‌ മുഹമ്മദ്‌ഖാനും പകർന്നത്‌ പ്രത്യാശയുടെ നാമ്പുകൾ.  സംസ്ഥാന ഭരണസിരാകേന്ദ്രമായി വ്യാഴാഴ്‌ച പെട്ടിമുടിയും മൂന്നാറും അക്ഷരാർഥത്തിൽ മാറി. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും  ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി.
 ദുരന്തത്തിൽ കാണാതായവരുടെയും മരണമടഞ്ഞവരുടെയും ആശ്രിതരുടെ നൊമ്പരങ്ങളറിഞ്ഞു. കൂട്ടമായെത്തിയ ഇവരെ ഉദ്യോഗസ്ഥർ കോവിഡ്‌ മാനദണ്ഡം പാലിച്ച് മൂന്നാർ ടീ കൗണ്ടിയിലെത്തിച്ചു. പെട്ടിമുടിയിൽനിന്ന്‌ എത്തിയ മുഖ്യമന്ത്രി ഇവരുമായി സംവദിച്ചു. ത്വരിതഗതിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികളുമെടുത്തു. തീവ്രമനുഷ്യസ്‌നേഹത്തിന്റെയും കരുണയുടെയും കരുതലായ രക്ഷാപ്രവർത്തകരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.  കഴിഞ്ഞ ആറിന്‌ രാത്രി ഉറക്കത്തിനിടെ കുന്നിടിഞ്ഞിറങ്ങിയെത്തി ഒന്ന്‌ നിലവിളിക്കാൻ പോലുമാകാതെ പിടിഞ്ഞുമരിച്ചവരുടെ ബന്ധുക്കൾ. കൂട്ടുകാരും മാതാപിതാക്കളുമില്ലാതെ അനാഥരായ കുട്ടികൾ, തങ്ങളുടെ പ്രിയപ്പെട്ടവരായ 15 പേരെ തേടി മൈനസ് ഡിഗ്രി തണുപ്പിൽ മഞ്ഞിലും മഴയിലും അലയുന്നവർ. പച്ചപ്പിന്റെ മാറാല നീക്കി ഒഴുകിയ പെട്ടിമുടിപ്പുഴയിലെ കരിമ്പാറകളിലും ഒളിഞ്ഞിരിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെയും തേടി കണ്ണീരൊഴുക്കുന്നവർ... കരളുലയ്‌ക്കുന്ന കാഴ്‌ചകളാണേറെയും. വിലപ്പെട്ടതൊക്കെ നഷ്ടപ്പെട്ടവരെ നവ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാനാവുന്നതെല്ലാം ചെയ്‌തു.
 തോട്ടം തൊഴിലാളികളുടെ വേദനയറിഞ്ഞ്‌ പെട്ടിമുടി ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഉറപ്പുവരുത്തുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞപ്പോൾ ദുഃഖം ഖനീഭവിച്ച വദനങ്ങളിലും ചെറുപുഞ്ചിരി തെളിഞ്ഞു. എല്ലാവർക്കും വീട്‌ നൽകാനുള്ള നടപടികളും ഒരുക്കി. വിദ്യാർഥികളുടെ ഇരുളടഞ്ഞ പഠനത്തിനും പ്രകാശമായത്‌ സർക്കാർ തുടർപഠനത്തിനും വഴിയൊരുക്കിയപ്പോഴാണ്‌. ആളുകളെ തെറ്റിദ്ധരിപ്പിച്ചും ഭിന്നതയുണ്ടാക്കാനും സർക്കാരിനെ അപമാനിക്കാൻ ശ്രമിച്ചവരുമൊക്കെ അറിഞ്ഞു പിണറായി സർക്കാരിന്റെ ജനകീയ കാഴ്‌ചപ്പാടും ഉദാത്തമായ തൊഴിലാളി സ്‌നേഹത്തിന്റെ അർപ്പണവും. 
പെട്ടിമുടിയിലെ ദുരന്തവിവരം പുറത്തറിഞ്ഞ ശേഷം ഏറ്റവും ജാഗ്രതയോടെയുള്ള രക്ഷാപ്രവർത്തനമാണ്‌ മന്ത്രി എം എം മണി അമരക്കാരനായ ടീം നിർവഹിച്ചത്‌. സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരും തോട്ടം തൊഴിലാളികളുമാണ്‌ ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ 12 പേരുടെ ജീവൻ രക്ഷിച്ചത്‌. തുടർന്ന്‌ യന്ത്രങ്ങളും ഡോഗ്‌ സ്‌ക്വാഡുമെത്തി.
 കിളച്ചുമറിച്ചു ചതുപ്പായ നിലത്ത്‌ ഇനി പുതിയ വീടുകൾ പണിയുക പ്രയാസകരമാണ്. പുതിയ വീടും പുതിയ സ്ഥലവും കണ്ണദേവൻ കമ്പനിയുടെ സഹായത്തോടെ ഒരുക്കാനും നടപടികളും സ്വീകരിച്ചു. ഉരുൾപൊട്ടലിലും മണ്ണടിച്ചിലിലും തകർന്നടിഞ്ഞ ഇടമലക്കുടിയിലേക്കുള്ള റോഡുകൾ നന്നാക്കാനും സർക്കാരിന്റെ സത്വര ശ്രദ്ധയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. അവലോകനയോഗത്തിൽ മന്ത്രിമാരായ എം എം മണി, ഇ ചന്ദ്രശേഖരൻ, അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എസ് രാജേന്ദ്രൻ, ഇ എസ് ബിജിമോൾ, പി ജെ ജോസഫ്, റോഷി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, കലക്ടർ എച്ച് ദിനേശൻ, ജില്ലാ പൊലീസ്‌ മേധാവി ആർ കറുപ്പസ്വാമി, സബ് കലക്ടർ എസ് പ്രേംകൃഷ്ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സെക്രട്ടറിയറ്റംഗം കെ വി ശശി, മൂന്നാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കറുപ്പ്‌സ്വാമി, ദേവികുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ്‌കുമാർ, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top