കുമളി
തേക്കടിയിൽ സ്വകാര്യ ലോഡ്ജിൽ കൊലചെയ്യപ്പെട്ട തമിഴ്നാട് സ്വദേശി യുവതിയിൽ നിന്ന് കാമുകൻ ലക്ഷങ്ങൾ തട്ടിയെടുത്തു. ഞായറാഴ്ചയാണ് തേക്കടിയിലെ ലോഡ്ജിൽ തമിഴ്നാട് കാഞ്ചിപുരം സപ്തഗിരിനഗറിൽ എസ്വി പാസ്കറുടെ മകൾ ജീവ(39) യെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടത്. തമിഴ് യുവതിയോടൊപ്പമുണ്ടായിരുന്ന ചിറയിൻകീഴ് ആഴൂർ പെരുംമൂഴി കരിക്കാട്ടുവിള വീട്ടിൽ കേശവന്റെ ഭാര്യ ശോഭന(60), മകൻ പ്രമോദ് പ്രകാശ്(വിഷ്ണു -41) എന്നിവർ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഇവർ താമസിച്ച മുറി അകത്തുനിന്ന് പൂട്ടിയിരുന്നു. ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്.
യുവതി ഒരു വർഷം മുമ്പ് ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. ഈ ബന്ധത്തിലുണ്ടായിരുന്ന ഏക മകൾ ഏതാനും നാൾ മുമ്പ് രോഗബാധയാൽ മരണപ്പെട്ടതായും പറയുന്നു. ബന്ധം വേർപെടുത്തിയ ശേഷം മറ്റ് വിവാഹ ആലോചനകൾ ബന്ധുക്കൾ നടത്തിയെങ്കിലും യുവതി അതിന് വിസമ്മതിച്ച് വീട്ടിൽനിന്ന് മാറി താമസിക്കുകയായിരുന്നെന്നും പറയുന്നു. ഇതിനിടയിലാണ് ഫേസ്ബുക്ക് വഴി പ്രമോദ് പ്രകാശമായി ഇവർ അടുക്കുന്നത്.
ആറുമാസമായി ഇവർ ഒരുമിച്ച് താമസിക്കുകയായിരുന്നു. യുവതി വീട്ടിൽനിന്ന് പോരുമ്പോൾ ഇവരുടെ അക്കൗണ്ടിൽ പത്ത് ലക്ഷം രൂപയും കൈവശം 80 പവൻ സ്വർണാഭരണങ്ങളും ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.
വിവാഹബന്ധം വേർപെടുത്തിയ വകയിൽ ലഭിച്ച മൂന്നര ലക്ഷവും കുടുംബത്തിൽനിന്ന് ലഭിച്ച അഞ്ചര ലക്ഷത്തിനും പുറമെ യുവതിയുടെ ഒരു ലക്ഷവും ഉൾപ്പെടെ പത്ത് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. ഇത് മുഴുവൻ പ്രമോദ് പ്രകാശ് വാങ്ങിയെടുത്തായി സംശയിക്കുന്നു. ഇതോടൊപ്പം യുവതിയുടെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടു.
മെയ് 11 മുതൽ കുമളിയിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചുവന്ന സംഘം യുവതിയുടെ ബന്ധുക്കളുമായി പണത്തിനായി ബന്ധപ്പെട്ടതായും പറയുന്നു. കുമളിയിൽ ഭൂമി വാങ്ങാനുള്ള നീക്കങ്ങളും ഇവർ നടത്തി.
26ന് കുമളിയിൽ വീട് കയറി താമസമാണെന്ന നിലയിൽ ഇവർ നിരവധി പേരെ അറിയിക്കുകയും ചെയ്തു. സ്ഥലത്തിന് അടുത്ത ദിവസം പണം കൊടുക്കാമെന്ന് ഇവർ സമ്മതിക്കുകയും ചെയ്തിരുന്നു. പണം ആവശ്യപ്പെട്ട് ലഭിക്കാതായതോടെ യുവതിയെ മർദിക്കുകയും ഇതിനെ തുടർന്ന് മരണപ്പെട്ടതായും സംശയിക്കുന്നു. യുവതി മരണപ്പെട്ടതിനെ തുടർന്ന് ഇരുവരും ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തതായും പൊലീസ് സംശയിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..