03 August Monday

സംഘർഷത്തിന്‌ ശ്രമം: പൊലീസ്‌ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
തൊടുപുഴ
തൊടുപുഴയിൽ കോവിഡ്‌ നിയന്ത്രണങ്ങൾ ലംഘിച്ച്‌ അക്രമസമരത്തിനൊരുങ്ങി എത്തിയ കോൺഗ്രസും യുവമോർച്ചയും കനത്ത  പൊലീസ്‌ സന്നാഹം കണ്ടതോടെ‌ അടങ്ങി. സ്വർണക്കടത്ത്‌ കേസിൽ സംസ്ഥാനസർക്കാരിനെ പഴിചാരി നടത്തിയ സമരത്തിൽ അക്രമം നടത്താൻ ലക്ഷ്യമിട്ടായിരുന്നു ഇരുകൂട്ടരുടെയും വരവ്‌. ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാറിന്റെയും ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ എസ്‌ അജിയുടെയും നേതൃത്വത്തിലായിരുന്നു വെവ്വേറെ സമരം. കോവിഡ്‌ സാഹചര്യം നിലനിൽക്കുന്നതിനാൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന്‌ നിർദേശം ഉണ്ടായിരുന്നു. അക്രമം ഉണ്ടായാൽ നേരിടാൻ ടിയർഗ്യാസ്‌ ഉൾപ്പെടെ പൊലീസ്‌ കരുതി. തൊടുപുഴ സിവിൽ സ്‌റ്റേഷനിലേക്കായിരുന്നു സമരം. എന്നാൽ, ഇവരെ അവിടേക്ക്‌ അടുപ്പിക്കാതെ ഗാന്ധി സ്‌ക്വയറിൽവച്ച്‌ ബാരിക്കേഡ്‌ ഉയർത്തി തടഞ്ഞു. അമ്പതോളം പ്രവർത്തകർ വീതമാണ്‌ ഇരുപക്ഷത്തും ഉണ്ടായിരുന്നത്‌. പലരും മാസ്‌കും ധരിച്ചിരുന്നില്ല. ആദ്യമെത്തിയ യുവമോർച്ചക്കാർ ബാരിക്കേഡ്‌ മറിക്കാൻ വൃഥാശ്രമം നടത്തി. ബാരിക്കേഡ്‌ മറിച്ചിടാൻ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ ഒടുവിൽ സമരം ഉദ്‌ഘാടനം നടത്തി അവർ പിരിഞ്ഞു.
പിന്നാലെ എത്തിയ കോൺഗ്രസുകാർ ബാരിക്കേഡിന്റെ ഭാഗത്തുകൂടി മറികടക്കാൻ ശ്രമിച്ചെങ്കിലും ലാത്തിവീശി പൊലീസ്‌ ഓടിച്ചു. പിരിഞ്ഞുപോയില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന്‌ മൈക്കിലൂടെ‌ മുന്നറിയിപ്പ്‌ നൽകി. ഇതോടെ ഇബ്രാഹിംകുട്ടി കല്ലാർ പ്രവർത്തകരെ മാറ്റി. തുടർന്ന്‌ സമരം ഉദ്‌ഘാടനം നടത്തി അവരും പിരിഞ്ഞു. കോവിഡ്‌ മാർഗനിർദേശങ്ങൾ ലംഘിച്ചതിനും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനുമടക്കം ഇരുവിഭാഗം പ്രവർത്തകർക്കെതിരെ പൊലീസ്‌ കേസെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top