19 July Friday

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ്; 2 സ്ത്രീകൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

 

 
നെടുങ്കണ്ടം 
തൂക്കുപാലത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ വായ്പ നൽകാമെന്ന‌് വാഗ്ദാനം നൽകി സ്വയം സഹായ സംഘങ്ങളിൽനിന്ന‌് പണം തട്ടിയ രണ്ട‌് സ്ത്രീകൾ അറസ്റ്റിൽ. ആലപ്പുഴ തോണക്കാട് മഞ്ഞപ്പള്ളിൽ ശാലിനി ഹരിദാസ്(43), തൂക്കുപാലം മുരുകൻപാറ വെന്നിപ്പറമ്പിൽ മഞ്ജു(33) എന്നിവരെയാണ‌് നെടുങ്കണ്ടം പൊലീസ് അറസ്റ്റ‌് ചെയ്തത‌്. തട്ടിപ്പ‌് ആസൂത്രണം ചെയ്തുവെന്ന‌് കരുതുന്ന മലപ്പുറം സ്വദേശി കുമാറിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പരാതിയെ  തുടർന്ന‌് തൂക്കുപാലത്ത് പ്രവർത്തിക്കുന്ന ഹരിത ഫൈനാൻസ് സ്ഥാപനത്തിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. 
ശാലിനി സ്ഥാപനത്തിന്റെ എംഡിയാണെന്നാണ് ഇടപാടുകാരെ പരിചയപ്പെടുത്തിയത്. മഞ്ജു സ്ഥാപനത്തിന്റെ മാനേജരായി ജോലി ചെയ്യുകയായിരുന്നു. കുമാറിന്റെ നേതൃത്വത്തിൽ സ്വയംസഹായ സംഘങ്ങൾക്ക‌് ലക്ഷങ്ങൾ വായ്പ നൽകാമെന്ന‌് വാഗ്ദാനം ചെയ്ത‌് 1000 മുതൽ 10,000 രൂപ വരെ പിരിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് കൂടുതലാളുകൾ പരാതിയുമായി നെടുങ്കണ്ടം പൊലീസിനെ സമീപിച്ചിട്ടുണ്ട്.
 വായ്പയ‌്ക്ക് അപേക്ഷിച്ചവരിൽ കൂടുതൽ പേരും കുടുംബശ്രീ പ്രവർത്തകരാണ‌്. പണമിടപാട് സ്ഥാപനം തൂക്കുപാലത്ത് പ്രവർത്തനം ആരംഭിച്ചശേഷം വായ്പക്ക‌് അപേക്ഷിച്ചവരെ നിരവധി അവധി പറഞ്ഞു കബളിപ്പിക്കുകയായിരുന്നു. ഇടപാടുകാർ സംഘടിച്ച് സ്ഥാപനത്തിനുമുന്നിൽ എത്തിയതോടെ സ്ഥലത്ത‌് സംഘർഷ സാധ്യത രൂപപ്പെട്ടു. തുടർന്ന‌് എംഡിയെയും മാനേജരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശാലിനിയെയും മഞ്ജുവിനെയും മുൻനിർത്തി കുമാറാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പുസംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും എത്ര പേരാണ് തട്ടിപ്പിനിരയായതെന്നും ആകെ എത്ര രൂപയാണ് ഇവർ തട്ടിയെടുത്തത് എന്നിവ സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്ന‌് പൊലീസ് അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top