ഇടുക്കി
എന്റെ കേരളം പ്രദർശന വിപണന മേളയിൽ ശ്രദ്ധയാകർഷിച്ച് കാക്കിയുടെ കരുത്ത്. പൊലീസ് സേന എന്താണെന്നും മനസ്സിലാക്കാം. നഗരിയിൽ രണ്ടിടങ്ങളിലായാണ് പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. പൊലീസ് സേന ഉപയോഗിക്കുന്നതും ഉപയോഗിച്ചിരുന്നതുമായ തോക്കുകൾ, വിവിധ തരം ഡിറ്റക്റ്ററുകൾ, പൊലീസിന്റെ വാർത്താവിനിമയ സംവിധാനം, പ്രവർത്തനം തുടങ്ങിയ കാര്യങ്ങളൊക്കെയും കണ്ടറിയുന്നതിനുള്ള സൗകര്യം സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെ സ്ത്രീ സുരക്ഷ സ്വയരക്ഷാ പരിശീലന പദ്ധതിയുടെ ഭാഗമായൊരു സ്റ്റാളും പ്രവർത്തിക്കുന്നു. ഉന്നം പരീക്ഷിക്കാൻ ഉപയോഗിച്ച് പോരുന്ന റൈഫിൾ ഡോട്ട് 22 ബ്രണോ, 1914 ൽ ഇറങ്ങിയ റൈഫിൾ നമ്പർ 3, പരേഡുകൾക്കും പരിശീലനത്തിനും മറ്റുമായുള്ള റൈഫിൾ നമ്പർ ഒന്ന്, കൂടുതൽ കൃത്യതയുള്ള റൈഫിൾ 7.62 എം എം എസ് എൽ ആർ, ഇന്ത്യൻ നിർമിത തോക്കായ ഇൻസാസ്, എ കെ 47 ന്റെ ഇന്ത്യൻ നിർമിത തോക്കായ ഘാതക് തുടങ്ങി സേനയുടെ കൈവശമുള്ള വിവിധ തോക്കുകൾ അരികിൽ നിന്ന് കണ്ടറിയാൻ ധാരാളം ആളുകൾ സ്റ്റാളിൽ എത്തുന്നുണ്ട്.
സ്ഫോടനത്തിന്റെ തീവ്രത കുറയ്ക്കുന്ന ബോംബ് സപ്രഷൻ ബ്ലാങ്കെറ്റ് വിത്ത് സേഫ്റ്റി സർക്കിൾ സംവിധാനത്തെക്കുറിച്ചും സ്റ്റാളിലൂടെ പരിചയപ്പെടാനാവും. തിരുവനന്തപുരം പൊൻമുടി, ഇടുക്കി രാജമല, പാലക്കാട് നെല്ലിയാമ്പതി, വയനാട് കുറിച്ചിയാർമല, കാസർകോഡ് മാവുങ്കൽ എന്നിവിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ജാക്കുകളുടെ മോഡലുകളും രാജമലയിലെ ജാക്ക് റ്റു റിപ്പീറ്റർ സ്റ്റേഷന്റെ മോഡലും പ്രദർശന സ്റ്റാളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..