15 May Saturday

ജൈവകൃഷിയിൽ വിജയം കൊയ്‌ത്‌ യുവ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

പോളി ഹൗസിനുള്ളിലെ കൃഷി പരിപാലിക്കുന്ന യദു എസ് ബാബു

വണ്ടൻമേട്
ജൈവകൃഷിയുടെ പുത്തൻമാനങ്ങൾ പരീക്ഷിച്ച് വിജയം കൊയ്യുകയാണ്‌ വണ്ടൻമേട്‌ അണക്കരയിലെ യുവകർഷകൻ. മറൈൻ എൻജിനിയറിങ് ബിരുദധാരിയായ യദു എസ് ബാബുവാണ്‌‌ പഠനശേഷം കാർഷികവൃത്തിയിലേക്ക് തിരിഞ്ഞത്. പൊതുവേ ആരെയും അത്ഭുതപ്പെടുത്തുമെങ്കിലും ബാങ്ക് ഉദ്യോഗം ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയ അച്ഛൻ ശശീന്ദ്ര ബാബുവാണ് ഈ ചെറുപ്പക്കാരന് പ്രചോദനമാകുന്നത്. എങ്ങനെയെങ്കിലും കൃഷി ചെയ്യുകയല്ല, മറിച്ച് കീടനാശിനിയുടെ സാന്നിധ്യം ലവലേശമില്ലാതെ നൂറു ശതമാനം സുരക്ഷിതമായ രീതിയിലാണ് യദു പോളിഹൗസിൽ പച്ചക്കറികൾ വിളയിച്ചെടുക്കുന്നത്. 20 സെന്റ്‌ വീതം വിസ്തീർണത്തിലുള്ള രണ്ട് വലിയ പോളിഹൗസുകളാണ് പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കൃഷി ചെയ്യുന്നതിലൂടെ കീടങ്ങളുടെ ആക്രമണം കുറയുകയും മികച്ച ഉൽപ്പാദനം ലഭിക്കുകയും ചെയ്യുന്നതായി യദു പറയുന്നു.
പൂർണമായും ജൈവകൃഷി എന്നത് എല്ലാ തലത്തിലും വിജയമാകുന്നതിനു പിന്നിലും കീടനിയന്ത്രണത്തിന്റെ പങ്ക് വലുതാണ്. അവയിൽതന്നെ സോളാർ കെണികളാണ് പ്രധാനം. കൂടാതെ കാബേജ് പോലെയുള്ളവ കൊതുകുവലയ്‌ക്കുള്ളിൽ വളർത്തുന്ന രീതിയും യദുവിന്റെ തോട്ടത്തിൽ കാണാൻ കഴിയും. കൃഷിവകുപ്പിന്റെ സഹകരണവും ജൈവകൃഷിക്ക് ലഭിക്കുന്നുണ്ട്. ഏതുതരം കാലാവസ്ഥയിലും പച്ചക്കറി ഉൽപ്പാദനം സാധ്യമാകുന്നു എന്നതാണ് പോളിഹൗസ് കൃഷിയുടെ പ്രധാനനേട്ടമായി യദു ചൂണ്ടിക്കാണിക്കുന്നത്. 
 വിവിധയിനം പയറുകൾ, മത്തൻ, ചീര, ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, വഴുതന, പടവലം, ഉള്ളി എന്നിങ്ങനെ വിവിധതരം പച്ചക്കറികൾ ഈ കൃഷിയിടത്തിൽ വിളയുന്നു. പ്രാദേശിക ചന്തകളാണ് വിപണനത്തിന് ഇപ്പോൾ ഉപയോഗിക്കുന്നത്. വിഷരഹിത പച്ചക്കറി വീടുകളിൽ എത്തിക്കുന്ന പുതിയ പദ്ധതിക്കും രൂപം നൽകാനൊരുങ്ങുകയാണ്‌‌ ഈ യുവകർഷകൻ. ഭക്ഷ്യസ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കുന്ന മറ്റ് കർഷകർക്ക് മാതൃകയായി മാറുകയാണ് യദു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top