15 May Saturday

ഇടുക്കിയുടെ സൗന്ദര്യം നുകരാം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021
കുമളി
കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള പുത്തൻ സർവീസ് എന്ന ആശയവുമായി കെഎസ്ആർടിസി കുമളി ഡിപ്പോ. കോവിഡ് മൂലം കുമളി ഡിപ്പോയിലും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്‌. ഇതിന്‌ പരിഹാരം എന്ന നിലയിലാണ്‌ പുതിയ പദ്ധതി മാനേജ്‌മെന്റ്‌ ആവിഷ്‌കരിച്ചത്‌. കുമളി ഡിപ്പോയിൽനിന്ന്‌ രാവിലെ എട്ടിന്‌ സർവീസ് ആരംഭിച്ച് പരുന്തുംപാറ, വാഗമൺ, അയ്യപ്പൻകോവിൽ തൂക്കുപാലം, അഞ്ചുരുളി, രാമക്കൽമേട്, ചെല്ലാർകോവിൽമെട്ട് എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം വൈകിട്ട് 6.30ന് കുമളിയിൽ അവസാനിക്കുന്ന നിലയിലാണ് ഷെഡ്യൂൾ ക്രമീകരിക്കുന്നത്‌.
    പരുന്തുംപാറ, വാഗമൺ, രാമക്കൽമേട്, ചെല്ലാർകോവിൽ എന്നിവിടങ്ങളിൽ ഒരുമണിക്കൂർ വീതവും അയ്യപ്പൻകോവിൽ, അഞ്ചുരുളി എന്നീ കേന്ദ്രങ്ങളിൽ അരമണിക്കൂർ വീതവും സമയം ചെലവഴിക്കാൻ കഴിയുന്ന തരത്തിലാണ് ഷെഡ്യൂൾ. കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ വിനോദകേന്ദ്രങ്ങളെ സജീവമാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. ആദ്യ സർവീസിന്റെ പ്രവർത്തനം പരിശോധിച്ച് കൂടുതൽ സർവീസ് ആരംഭിക്കും. ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ് വിളിച്ചുചേർത്ത ജില്ലാതല മീറ്റിങ്ങിലാണ് പുതിയ സർവീസ് ആരംഭിക്കുന്നതിനുള്ള തീരുമാനമെടുത്തത്.
     പരുന്തുംപാറയിലേയും വാഗമണ്ണിലേയും വിശാലമായ മൊട്ടക്കുന്നുകളും പുൽമേടുകളും പ്രകൃതിഭംഗിയും വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. അയ്യപ്പൻകോവിൽ തൂക്കുപാലം കാഴ്ചക്കാർക്ക്‌ പുതിയൊരു ദൃശ്യവിരുന്നൊരുക്കും. രാമക്കൽമേട്, ചെല്ലാർകോവിൽമെട്ട് എന്നിവിടങ്ങളിൽനിന്നുള്ള തമിഴ്നാട്ടിലെ സമതലപ്രദേശങ്ങളുടെ മനോഹരദൃശ്യങ്ങളും കാഴ്ചക്കാരിൽ ഏറെ കൗതുകമുണർത്തുന്നതാണ്. അതോടൊപ്പംതന്നെ അഞ്ചുരുളി ടണലും ജലാശയവും വിസ്‌മയക്കാഴ്ച ഒരുക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top