24 February Monday
പാഠം ഒന്ന്‌ പാടത്തേക്ക്‌

ഞാറ്റുപാട്ടിൻ താളത്തിൽ കൊയ്‌ത്തുത്സവം

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

കൊയ്‌ത്തുത്സവം മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യുന്നു

 ചെറുതോണി

ഞാറ്റുപാട്ടിന്റെ ഈണത്തിൽ മന്ത്രി നെൽക്കതിരുകളിൽ അരിവാൾവച്ചപ്പോൾ താളമിട്ടത്‌ പാലപ്ലാവിലെ കൗമാരകർഷകർ. പഴയരിക്കണ്ടം സർക്കാർ ഹൈസ്‌കൂൾ വിദ്യാർഥികളുടെ കൊയ്‌ത്തുത്സവം ഉദ്‌ഘാടനംചെയ്‌ത്‌ മന്ത്രി എം എം മണി  കുട്ടികളുടെ ആഘോഷത്തിൽ പങ്കുചേർന്നു. പച്ചപ്പണിഞ്ഞ പാടങ്ങളെ തിരിച്ചുപിടിക്കാൻ 70 വർഷങ്ങൾക്കു മുമ്പ്‌ ഇവിടെ കുടിയേറിയ കർഷകജനതയുടെ ഇളംതലമുറക്കാരും കഠിനാധ്വാനത്തിന്റെ കാര്യത്തിലും ഒരു ചുവട്‌ മുന്നിലാണ്‌. പ്രദേശത്തെ മുതിർന്ന കർഷകരുടെ അനുഭവങ്ങളും നാട്ടറിവുകളും എല്ലാം ഇവിടെ കൃഷിക്ക്‌ താളമായി.
ഒന്നര ഏക്കർ നെൽപ്പാടത്തെ പൊന്നണിയിച്ചത്‌ പഴയരിക്കണ്ടം സർക്കാർ ഹൈസ്‌കൂളിലെ എസ്‌പിസി യൂണിറ്റിലെ 85 കേഡറ്റുകളുടെ നേതൃത്വത്തിലാണ്‌.   എത്ര തിരക്കാണെങ്കിലും കുറച്ചുനേരമെങ്കിലും കാർഷിക അധ്വാനം നടത്തണമെന്ന്‌ മന്ത്രി കുട്ടികളെ ഉപദേശിച്ചു. 11–--ാം വയസ്സുമുതൽ ഇടുക്കിയുടെ മലയോര മേഖലയിൽ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും താൻ നടത്തിയിട്ടുള്ള കായികാധ്വാനങ്ങളും മന്ത്രി പറഞ്ഞപ്പോൾ നീണ്ടകരഘോഷം. 
നെൽകൃഷിക്കായി സ്ഥലം വിട്ടു നൽകിയ  ടി എസ്‌ ജെസ്സിമോളേയും, കൃഷിക്ക്‌ മേൽനോട്ടം നടത്തിയ റെജി ഒഴവക്കോട്ടിനേയും മന്ത്രി പൊന്നാട അണിക്കുകയും  സർക്കാരിന്റെ പാഠം ഒന്ന്‌ പാടത്തേക്ക്‌  പദ്ധതി  ഏറ്റെടുത്ത്‌ വിജയിപ്പിച്ച സ്‌കൂളിലെ എസ്‌പിസി യൂണിറ്റും പൊതു വിദ്യാഭ്യാസ സംരക്ഷണപ്രവർത്തകരെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്‌ അധ്യക്ഷയായി. കെഎസ്‌ആർടിസി ഡയറക്‌ടർ സി വി വർഗീസ്‌,  ജില്ലാ പഞ്ചായത്തംഗം  വിഷ്‌ണു കെ ചന്ദ്രൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജേശ്വരി രാജൻ, ഡിവൈഎസ്‌പി കെ പി ജോസ്‌,  ജോസ്‌ ഊരക്കാട്ടിൽ, അഗസ്‌തി അഴകത്ത്‌, സന്തോഷ്‌ കുമാർ,   തഹസിൽദാർ വിൻസന്റ്‌ ജോസഫ്‌, പ്രധാനഅധ്യാപിക കെ വി സുജാത, പിടിഎ പ്രസിഡന്റ്‌ അരുൺ മാത്യു എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top