29 May Sunday
ധീരജിന്റെ കൊലപാതകം

കൊലയാളികളെ തള്ളാനാകാതെ കോൺഗ്രസ്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
തൊടുപുഴ
പൈനാവ്‌ എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ  കൊലപ്പെടുത്തിയ കേസിലെ പ്രതി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ നിഖിൽ പൈലിയെ ന്യായീകരിക്കാൻ കോൺഗ്രസ്‌ നേതാക്കളുടെ ശ്രമം. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയില്ലാതെ നേതാക്കൾ പരുങ്ങി. ഡീൻ കുര്യാക്കോസ്‌ എംപി, ഇടുക്കി ഡിസിസി പ്രസിഡന്റ്‌ സി പി മാത്യു, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്‌തി, റോയി  കെ പൗലോസ്‌, ജോസി സെബാസ്‌റ്റ്യൻ അടക്കമുള്ളവർ തൊടുപുഴയിൽ വാർത്താസമ്മേളനം നടത്തിയത്‌ കെപിസിസി പ്രസിഡന്റിന്റെ നിർദേശ പ്രകാരമായിരുന്നു. 
കൊലപാതകത്തെ അപലപിക്കുന്നു എന്നുപറഞ്ഞ കോൺഗ്രസ്‌ നേതാക്കൾക്ക്‌ പ്രതിയെ തള്ളിപ്പറയാനായില്ല. ഇതു സംബന്ധിച്ച്‌ നീതി പൂർവമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടവർ സംഭവത്തിൽ ദൃക്‌സാക്ഷികളില്ലെന്ന വാദമാണ്‌ ഉന്നയിച്ചത്‌. നിരവധിപേരുടെ സാന്നിധ്യത്തിലാണ്‌ കൊലപാതകം നടന്നതെന്നും പ്രതി കുറ്റം സമ്മതിച്ച കാര്യവും ചൂണ്ടിക്കാട്ടിയപ്പോൾ കസ്‌റ്റഡി മൊഴി വിശ്വസനീയമല്ലെന്നായിരുന്നു മറുപടി.  തൊടുപുഴയിൽ നടന്ന കെഎസ്‌യു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ സി പി മാത്യുവിന്റെ കാർ തകർക്കുകയും മർദ്ദിക്കുകയും ചെയ്‌ത കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ നേതാക്കൾ പ്രതികരിച്ചില്ല. പ്രതിക്കെതിരെ പാർട്ടിതലത്തിൽ നടപടി എടുക്കാത്ത കാര്യം ചോദിച്ചപ്പോൾ  അന്വേഷിക്കാൻ കമീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടി ഉണ്ടാകുമെന്നുമായിരുന്നു മറുപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top