12 December Thursday

ആരോഗ്യരംഗത്തെ മുന്നേറ്റമാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019
കട്ടപ്പന
പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന്‌ മന്ത്രി എം എം മണി.  ഇതിനായി ആർദ്രം മിഷനിൽ ഉൾപ്പെടെ നിരവധി കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. 
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കിയ പോസ്റ്റുമോർട്ടം യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.   
സർക്കാർ ആശുപത്രികളിൽനിന്ന്‌ പരമാവധി ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ചുവരുന്ന ഡയാലിസിസ് യൂണിറ്റ് ഇതിന്റെ ഭാഗമാണ്. താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. റോഷി അഗസ്റ്റ്യൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.  
ആധുനീകരിച്ച പോസ്റ്റുമോർട്ടം ടേബിൾ റൂം, ഇൻക്വസ്റ്റ് റൂം, വിസിറ്റിങ് റൂം എന്നീ സൗകര്യങ്ങളാണ് യൂണിറ്റിലുള്ളത്. കൂടാതെ  മോർച്ചറിയിലേക്ക് വാഹനമെത്തുന്നതിന് പുതിയ കോൺക്രീറ്റ് റോഡും മോർച്ചറിയുടെ മുൻഭാഗം ഇന്റർലോക്ക് പാകിയും കൂടുതൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. മതിയായ സൗകര്യങ്ങളുടെ അഭാവത്താൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി രണ്ട് മാസമായി നിർത്തിവച്ചിരുന്നത് പുതിയ സജ്ജീകരണങ്ങൾ പൂർത്തീകരിച്ചതോടെ തുടരാനാകും.
യോഗത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ ബി ശ്രീകാന്ത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ തോമസ് മൈക്കിൾ സ്വാഗതവും വാർഡ് കൗൺസിലർ സണ്ണി കോലോത്ത് നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top