18 October Monday

ഏലം ഓൺലൈൻ വ്യാപാരം തട്ടിപ്പെന്ന് കർഷകസംഘടന പ്രതിനിധികൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021
കുമളി
ഏലം ഓൺലൈൻ വ്യാപാരം തട്ടിപ്പെന്ന് കർഷകസംഘടനാ പ്രതിനിധികൾ. ഏലംലേല പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞായറാഴ്ച അഡ്വ. ഡീൻ കുര്യാക്കോസ്‌ എംപിയുടെയും എം എം മണി എംഎൽഎയുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഓൺലൈൻ വ്യാപാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നത്. ഓൺലൈൻ ലേലം തുടങ്ങുന്നതിനുമുമ്പ് കർഷകരെ പലവിധ വാഗ്ദാനം നൽകി മോഹിപ്പിച്ചു. സ്പൈസസ് ബോർഡ് ലേലകേന്ദ്രങ്ങളിൽ ഏലയ്‌ക്ക കൊടുത്താൽ പണം ലഭിക്കുന്നതിന് 14 ദിവസം എടുത്തിരുന്നു. ഓൺലൈൻ ലേലം ആരംഭിക്കുന്നതോടെ ലോകത്തിന്റെ ഏത്‌ പ്രദേശത്തിരിക്കുന്ന വ്യക്തിക്കും ലേലത്തിൽ പങ്കെടുക്കാമെന്നും മൂന്നുദിവസത്തിനകം കർഷകരുടെ ഉൽപ്പന്നത്തിന് വില ലഭിക്കുമെന്നും പറഞ്ഞ്‌ മോഹിപ്പിച്ചു. എന്നാൽ, ഇപ്പോൾ ലേലം നടന്ന്‌ 30 ദിവസം കഴിഞ്ഞാലും പണം കിട്ടുമെന്ന് ഉറപ്പില്ല. മുമ്പ് ലേലത്തിൽ പങ്കെടുത്തിരുന്നവരാണ് ഇപ്പോഴും പങ്കെടുക്കുന്നതും. മുമ്പ് ലഭിച്ചതിനേക്കാൾ കിലോയ്ക്ക് ഇരുനൂറു രൂപയാണ് ഓൺലൈൻ ലേലം വന്നതിനുശേഷം കുറവുണ്ടായത്. അതുപോലെ അടുത്തിടെ ഒരു ദിവസം മൂന്ന് ലേലങ്ങൾ ഒരേ സമയം നടത്തുകയുണ്ടായി. ഇതിനാൽ ലേലത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ഏലം ഗ്രേഡിങ്ങിലും വിൽപ്പനയിലും വലിയ തട്ടിപ്പ് നടക്കുന്നതായും പറയുന്നു. ഏലം കർഷകരിൽ മഹാഭൂരിപക്ഷവും ചെറുകിട കർഷകരാണ്. സ്പൈസസ് ബോർഡ് നിയന്ത്രണം കുറഞ്ഞതോടെ കർഷകരുടെ സുരക്ഷയാണ് നഷ്ടപ്പെടുന്നതെന്നും ചർച്ച ഉയർന്നു. വ്യക്തികൾ നടത്തുന്ന ഓൺലൈൻ വ്യാപാരം ആശങ്ക ഉണ്ടാക്കുന്നതായി എം എം മണി എംഎൽഎയും ഓൺലൈൻ വ്യാപാരത്തിന്‌ അനന്തസാധ്യതയുണ്ടെന്ന അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞതായി അഡ്വ. ഡീൻ കുര്യാക്കോസ് എംപിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top