22 October Tuesday

മറയൂര്‍ ശര്‍ക്കരയ്‌ക്ക് റെക്കോഡ് വില

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
 
മറയൂർ
മറയൂർ ശർക്കരയ്‌ക്ക് ഓണക്കാലത്ത് ലഭിച്ചത്‌ റെക്കോഡ് വില. 60 കിലോ വരുന്ന ഒരു ചാക്ക്‌ ശർക്കരയ്‌ക്ക്‌ 4000 രൂപയാണ് ലഭിച്ചത്. 2017 ഓണക്കാലത്ത് ലഭിച്ച 3500 രൂപയായിരുന്നു ഇതുവരെ ലഭിച്ചതിൽ ഉയർന്ന വില. ഇക്കുറി ഭൗമസൂചികാ പദവി ലഭിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധന വില ഉയരാൻ സഹായിച്ചു. പരമ്പരാഗത ശർക്കരയ്‌ക്കായി തോട്ടങ്ങളിലെ ആലപ്പുരകളിൽ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ നേരിട്ടെത്തുന്നുണ്ട്‌. 
പുറമേ ഫിൽറ്റർ ചെയ്‌ത ശർക്കരയ്‌ക്കും ഉയർന്ന വിലയാണ്‌ ലഭിച്ചത്‌. കിലോയ്‌ക്ക്‌ 57 മുതൽ 80 രൂപ വരെ തോട്ടത്തിൽ നടന്ന കച്ചവടത്തിൽ കർഷകർക്ക്‌ ലഭിച്ചു. ഓണക്കാലത്ത് ആവശ്യക്കാരുടെ എണ്ണം വർധിച്ചെങ്കിലും അതിനനുസരിച്ചുള്ള ശർക്കര ഉൽപാദനം മറയൂരിൽ ഇല്ലായിരുന്നുവെന്ന്‌ വ്യാപാരികൾ പറയുന്നു. തമിഴ്നാട് മേഖലയിൽനിന്ന്‌ നിരവധി ലോഡ് വ്യജ ശർക്കര വിവിധ നഗരങ്ങളിലെത്തിച്ച് വിൽപ്പന നടത്തിയതായും ആക്ഷേപമുണ്ട്‌.  
മഹാപ്രളയത്തിൽ മൂന്നാർ‐മറയൂർ പാതയിൽ പാലങ്ങളും റോഡുകളും തകർന്ന് ഗതാഗത തടസ്സപ്പെട്ടത്‌ കഴിഞ്ഞ വർഷം ശർക്കര വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വൻ നഷ്ടമാണ് കർഷകർക്ക് നേരിടേണ്ടി വന്നത്. എന്നാൽ, ഇത്തവണ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കൃഷി നടത്തിയ കർഷകർക്ക് മികച്ച വില ലഭിച്ചത് ആശ്വാസമായി.
 
 
 
പ്രധാന വാർത്തകൾ
 Top