20 March Wednesday
ആസ്ഥാന പട്ടണത്തിനായി നാടിന്റെ കൂട്ടായ്മ

ചെറുതോണിയെ പുനർനിർമിക്കാൻ ആസൂത്രണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

പ്രളയത്തിനുശേഷം ചെറുതോണി ടൗൺ

 ചെറുതോണി

പ്രളയം കവർന്നെടുത്ത ചെറുതോണിയെ പുനർനിർമിക്കാൻ ആസൂത്രണം തുടങ്ങി. ചണ്ഡീഗഡ് മോഡലിൽ ജില്ലാ വികസന അതോറിറ്റി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികളുമായി സമന്വയിപ്പിച്ചാണ് പുതിയ മാസ്റ്റർ പ്ലാൻ. എല്ലാം തിരിച്ചുപിടിക്കാൻ മാത്രമല്ല, പുതിയതിനെ പടുത്തുയർത്താൻ കൂടി കഴിയുമെന്ന പടപുറപ്പാടിലാണ് സർക്കാരും ഒപ്പം ജനങ്ങളുടെ കൂട്ടായ്മയും. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ ആസ്ഥാന  ടൗൺഷിപ്പിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ടൗൺ പ്ലാനിങ‌് ഓഫീസറെ ചുമതലപ്പെടുത്തി. 
തകർന്നുപോയ ബസ് സ്റ്റാൻഡ്, കമ്പോളം, മിനി സിവിൽ സ്റ്റേഷൻ എന്നിവ എവിടെ നിർമിക്കണം, പുതിയ പാലത്തിന്റെ അലൈൻമെന്റ്, ടാക്സി സ്റ്റാൻഡ്, നദീതീര സംരക്ഷണം, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവയെല്ലാം കൃത്യതയോടെ സ്ഥല നിർണയം നടത്തുന്നതിനുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നത്. ഇക്കാര്യത്തിൽ അഭിപ്രായ രൂപീകരണത്തിനായി കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ് പങ്കെടുത്ത് വ്യാപാരികളുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയെ കെട്ടിലും മട്ടിലും സമുദ്ധരിക്കാൻ ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്ക്കരിക്കും. ചെറുതെങ്കിലും മനോഹരമായ ചെറുതോണി ടൗണിന്റെ കണ്ണും കരളും കവർന്നെടുത്താണ് കാലവർഷം കലിയടക്കിയത്. ചെറുതോണിക്കാർ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല ഇത്. 26 വർഷം മുമ്പ് അണക്കെട്ട് തുറന്നുവിട്ടപ്പോൾ ഉണ്ടായ സാഹചര്യത്തിന്റെ ആവർത്തനം മാത്രമായിരിക്കും ഇത്തവണയും ഉണ്ടാകുക എന്ന ചിന്തകളിൽ ഉറച്ചുനിന്നിരുന്ന ജനതയ്ക്ക‌ുമേലാണ് ആകസ്മികമായ വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടായത്.
    മുല്ലപ്പെരിയാറിൽനിന്നും ഒഴുകിയെത്തിയ വെള്ളം പെരിയാർ തീരവാസികളെയും ജില്ലാ ആസ്ഥാനത്തെയും ഒരേപോലെ വേദനിപ്പിച്ചു. സർക്കാരും ജില്ലാ ഭരണകൂടവും വൈദ്യുതിവകുപ്പും സ്വീകരിച്ച അതിശക്തമായ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നഷ്ടങ്ങളുടെയും വേദനകളുടെയും അളവ് കുറച്ചുവെങ്കിലും ഇപ്പോഴും ആധി അടങ്ങിയിട്ടില്ല.
      തകർന്ന തറവാടുപോലെ ചോദ്യചിഹ്നമായി മാറിയ ചെറുതോണി പുഴയിലെ കൽക്കൂട്ടങ്ങളെ നമുക്ക് പുനർനിർമാണത്തിന്റെ ആണിക്കല്ലുകളായി ചേർത്തുവയ്ക്കാം. സർക്കാർ ഒപ്പമുണ്ടെന്ന പ്രതീക്ഷകളാണ് ജനങ്ങളെ ഇപ്പോഴും നിലനിർത്തുന്നത്. ഒരു പുരുഷായുസ്സ് മുഴുവൻ അധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ തുണ്ടുഭൂമിയും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഒലിച്ചുപോകുന്നത് നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ട വ്യാപാര സമൂഹത്തെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരേണ്ടതുണ്ട്. 
 
 
 
കരഞ്ഞിരിക്കാൻ സമയമില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ അന്വർഥമാക്കിക്കൊണ്ട് ജില്ലാ ആസ്ഥാനത്തെ പുതുക്കി പണിയുന്നതിനുള്ള ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനം ഉണ്ടാകുമെന്ന് ആഹ്വാനമാണ് യോഗത്തിൽ ഉയർന്നത‌്. പൈനാവിൽ വിദ്യാഭ്യാസ സോണും കുയിലിമലയിൽ അഡ്മിനിസ്ട്രേറ്റീവ് സോണും പാറേമാവിൽ മെഡിക്കൽ സിറ്റിയും ചെറുതോണിയിൽ ബിസിനസ് സിറ്റിയും ഇടുക്കിയിൽ സ്പോർട്സ് സിറ്റിയും ഉൾപ്പെടുന്ന ചണ്ഢിഗഡ് മോഡലിൽ നേരത്തെ അസൂത്രണം ചെയ്ത പദ്ധതികളുമായി സമന്വയിപ്പിച്ചാണ് പുതിയ മാസ്റ്റർ പ്ലാനിലുള്ളത‌്.
ഇടുക്കിയുടെ പുനർനിർമാണം വേഗതയിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. എങ്കിലും താൽക്കാലിക സംവിധാനം അടിയന്തരമായി ഏർപ്പെടുത്തണമെന്നാണ് പൊതുസമൂഹം ഒന്നാകെ ആഗ്രഹിക്കുന്നത്. ഗതാഗത സംവിധാനം പൂർണമായും ക്രമീകരിക്കപ്പെടണം. ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കുന്നതുകൊണ്ട് മാത്രമാണ് അപകടങ്ങൾ ഒഴിവാകുന്നത്. ഓരോ ഇനത്തിലുള്ള വാഹനങ്ങളും എവിടെ പാർക്ക് ചെയ്യണമെന്ന അറിയിപ്പ‌ും നിർദ്ദേശവും ഇല്ലാത്തത‌് അപകടത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന് സമയമെടുക്കും എന്നതിനാൽ താൽക്കാലികമായി ബസ് പാർക്കിങ് സൗകര്യം ഉണ്ടാകണം. 
ഓട്ടോറിക്ഷകൾക്കും ചരക്കു വാഹനങ്ങൾക്കും പ്രത്യേക സ്ഥലം നിർണയിക്കണമെന്നും ആവശ്യം ശക്തമായി. സ്ഥലപരിമിതി ഉണ്ടെങ്കിലും ക്രമീകരണം ഏർപ്പെടുത്തിയാൽ നിലവിലെ സാഹചര്യത്തെ മാറ്റാൻ കഴിയുമെന്നും വിദഗ‌്ധർ പറയുന്നു. ഇടിഞ്ഞുപോയതും തകർന്നതുമായ റോഡിന്റെ ഇരുഭാഗങ്ങളും മണ്ണിട്ട് നികത്തി വാഹനം ഇടുന്നതിന് തീരുമാനമുണ്ടാകണം.
    പുഴയോരത്ത് സർക്കാർ ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലാത്തതുകൊണ്ട് ജനകീയ മാർഗത്തിലൂടെ ചെറിയ പാർക്കിങ‌് സൗകര്യം ഉറപ്പുവരുത്തിയാൽ അത് ചെറുതോണിക്ക് വലിയ കുതിപ്പേകും. വ്യാപാരികളുടെ പുനരധിവാസം സർക്കാരും പൊതുസമൂഹവും  ഏറ്റെടുക്കേണ്ടതുണ്ട‌്. ചെറുതോണി പാലത്തിന്റെ നവീകരണവും ബലപ്പെടുത്തലും ഉടൻ ഉണ്ടാകുമെന്ന് ദേശീയപാത വിഭാഗം അറിയിച്ചിട്ടുള്ളത് വലിയ പ്രതീക്ഷയാണ‌് പകരുന്നത‌്.
 
പ്രധാന വാർത്തകൾ
 Top