23 September Wednesday

മനമുരുകി...

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ദുരന്തസ്ഥലത്തു നിന്നും ഗ്രാവൽ ബാങ്കിൽ ഒഴുകിയെത്തിയ ജീപ്പും ബൈക്കും

 മൂന്നാർ

രൗദ്രഭാവത്തോടെയെത്തിയ മലവെള്ളപ്പാച്ചിലിൽനിന്ന്‌ എങ്ങനെ രക്ഷപ്പെട്ടുവെന്ന്‌ ആർക്കും ഓർമയുമില്ല. ആരൊക്കെയോ നീട്ടിയ കരങ്ങളിൽ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഉറ്റവരുടെ വേർപാടിൽ മനമുരുകി കഴിയുകയാണിവർ. തോട്ടങ്ങളിൽ പണിയെടുത്ത് ലയങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികൾ... കളിചിരിയും തമാശയും വർത്തമാനങ്ങളുമായി ഒരു കുടുംബംപോലെ കഴിഞ്ഞിരുന്നവർ... ഉള്ളതുകൊണ്ട്‌ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇവർക്കിടയിലേക്കാണ്‌ ദുരന്തം വെള്ളിടി പോലെയെത്തിയത്‌.
 ഒരു വലിയ മലവെള്ളപ്പാച്ചിലിൽ ഒരുപാട് ജീവനുകൾ ഒറ്റരാത്രിക്കൊണ്ട് നക്കിത്തുടച്ചു. അത്ഭുതകരമായ ചില രക്ഷപ്പെടലുകൾക്കും ഈ മണ്ണ്‌ സാക്ഷ്യംവഹിച്ചു. തോളുരുമ്മി കൂട്ടുകുടുംബം പോലെ കഴിഞ്ഞിരുന്ന പ്രിയപ്പെട്ടവരെ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന യാഥാർഥ്യത്തിലേക്ക്‌ പെട്ടിമുടിയിൽ അവശേഷിക്കുന്നവർ ഇനിയും എത്തിയിട്ടില്ല. പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്‌ക്കുന്ന ഇവരുടെ കണ്ണീർ തോരാൻ നാളുകളെടുക്കും.
 വലിയ ദുരന്തത്തിൽനിന്ന് അത്ഭുതകരമായാണ്‌ രക്ഷപ്പെട്ടതെന്ന്‌ അവർ പറയുന്നു. മണ്ണിനടിയിലായ നാലു ലയങ്ങളുടെയും അൽപം മുകൾഭാഗത്താണ് ഷൺമുഖയ്യയുടെയും വിജയകുമാറിന്റെയും കുടുംബങ്ങൾ താമസിച്ചിരുന്നത്. മലയിടിഞ്ഞുവന്നപ്പോൾ ഇവരുടെ വാസസ്ഥലം മാത്രം ആ മണ്ണിൽ അവശേഷിച്ചു. കൺമുന്നിൽ പ്രിയപ്പെട്ടവരെ നഷ്ടമായതിന്റെ വിങ്ങലുകൾ ഇവരുടെ വാക്കുകളിലുണ്ട്‌. ‘‘മലമുകളിൽനിന്ന് സുനാമി വരുന്നമ്മേ...’’യെന്ന് പറഞ്ഞ് അമ്മയുടെ അരികിലേക്ക് ഓടിയെത്തിയ മിഥുന്റെ കണ്ണിൽനിന്ന്‌ ഭയം വിട്ടുമാറിയിട്ടില്ല. അവന്റെ കൂട്ടുകാരൊക്കെയും മണ്ണിനടിയിലകപ്പെട്ടു. ഒന്നിച്ച് പഠിച്ചിരുന്നവർ... കളികൂട്ടുകാർ... പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ പൂർത്തിയാക്കാൻ ആർക്കും കഴിയുന്നില്ല. ചെറുപ്പംമുതൽ ഒന്നിച്ചുള്ള കളിക്കൂട്ടുകാരിയെ ഇനിയൊരിക്കലും കാണാനാവില്ലല്ലോ എന്നോർത്ത്‌ കരയുന്ന കവിതയും പെട്ടിമുടിയിലെ സങ്കടക്കാഴ്‌ചയാണ്‌. തിരിച്ചുകിട്ടിയ ജീവനും അതിനൊപ്പം നഷ്ടമായ സ്നേഹബന്ധങ്ങളുടെ ഓർമകളുമാണ്‌ പെട്ടിമുടിയിലെങ്ങും. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top