23 September Wednesday

രക്ഷാപ്രവർത്തനത്തിന്‌ ഗതിവേഗമേകി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

മൂന്നാർ
നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക്‌ ഗതിവേഗം പകർന്ന്‌ സിപിഐ എം നേതൃത്വം. ദുരന്തദിനം മുതൽ മറ്റു ജോലികളെല്ലാം മാറ്റിവച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, എസ്‌ രാജേന്ദ്രൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ദുരന്തമുണ്ടായ വ്യാഴാഴ്‌ച മുതൽ ആറുദിവസമായി രാപ്പകലുകളില്ലാതെ അവർ സജീവമായി കർമരംഗത്തുണ്ട്‌. ദുരന്തവിവരം പുറംലോകം അറിഞ്ഞയുടനെ മൂന്നാറിൽനിന്ന്‌ എസ് രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ നിരവധി സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐ യുടെയും പ്രവർത്തകർ രക്ഷാദൗത്യവുമായി പെട്ടിമുട്ടിക്ക് തിരിച്ചു. സ്ഥലത്ത്‌ എത്തിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. പ്രദേശത്തിന്റെ പ്രത്യേക സാഹചര്യത്തിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരം. ദുരന്തനിവാരണ സേന എത്തുന്നതുവരെ കാത്തുനിൽക്കാനുമാവില്ല. അവർ കൈകാലുകൾ ആയുധങ്ങളാക്കി. ചതുപ്പിൽ ഒരു ജീവനെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നായിരുന്നു അന്വേഷണം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണി ഇതിനകം തലസ്ഥാനത്തുനിന്ന്‌ പെട്ടിമുടിയിലേക്ക്‌ തിരിച്ചിരുന്നു. ഇതിനുമുമ്പേ എംഎൽഎയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി. സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരും തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ്‌ സീതാലക്ഷ്മി, ദീപൻ എന്നിവരടക്കം വിലപ്പെട്ട നാല് ജീവനുകൾ രക്ഷിക്കാനായത്‌. അപകടദിവസം പെട്ടിമുടിയിൽ വൈദ്യുതി, ഫോൺ ബന്ധം നിലച്ചിരുന്നു. ഇതോടെ അവിടെനിന്ന്‌ എംഎൽഎ മൂന്നാറിലെത്തി മുഖ്യമന്ത്രിയെ അപകടത്തിന്റെ ഭീകരാവസ്ഥ ധരിപ്പിച്ചു. ഇതിനകം രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സർക്കാർ സംവിധാനങ്ങൾ പെട്ടിമുടിയിലേക്ക് തിരിച്ചിരുന്നു. 11.30 ഓടെ പൊലീസ്, ആരോഗ്യവകുപ്പ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവർ എത്തി. അതിനുമുമ്പ് ഏതാനും മൃതദേഹങ്ങൾ മണ്ണിനടിയിൽനിന്ന്‌ കണ്ടെടുത്തു. ഉച്ചയോടെ മണ്ണുമാന്തി യന്ത്രങ്ങളും എത്തി. കണ്ടെത്തുന്ന മൃതദേഹം ട്രാക്ടറിൽ കയറ്റി പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ എത്തിക്കാനും സംസ്‌കരിക്കാനുമെല്ലാം ഇവർ ഒപ്പമുണ്ട്‌. 

മന്ത്രിമാരായ എം എം മണി, എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ, കെ രാജു എന്നിവരെല്ലാം ദുരന്തമനുഭവിച്ചവരെ സഹായിക്കാനെത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എ രാജേന്ദ്രൻ, ആർ ഈശ്വരൻ, എം ലക്ഷ്‌മണൻ, മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ എന്നിവരും പ്രവർത്തകരോടൊപ്പംനിന്ന്‌ ഊർജം പകർന്നു. അവസാന മൃതദേഹം കണ്ടെത്തുന്നതുവരെ ലയങ്ങളിലെ തൊഴിലാളി കുടുംബങ്ങൾക്ക്‌ സാന്ത്വനമേകി ഇവരുണ്ടാകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top