03 August Monday

ഹൈറേഞ്ചിന്റെ ‘ആരോഗ്യം’ ഇടുക്കി മെഡിക്കൽ കോളേജ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

നിർമാണം പൂർത്തിയായി വരുന്ന ഇടുക്കി മെഡിക്കൽ കോളേജ്‌ കെട്ടിടം

ഇടുക്കി
മലയോരജനതയുടെ അന്തസുയർത്തി ആരോഗ്യരംഗത്തെ ആധുനിക ചികിത്സാസൗകര്യങ്ങളുമായി ഇടുക്കി മെഡിക്കൽ കോളേജ്‌. അപകടമോ രോഗമോ ഉണ്ടായാൽ രോഗിയുമായി കോട്ടയത്തേക്കോ എറണാകുളത്തേക്കോ പരക്കംപാഞ്ഞിരുന്ന ഒരു തലമുറയുടെ യാതനകളും അല്ലലുകളുമെല്ലാം ഇനി പഴങ്കഥ. ചൊവ്വാഴ്‌ച പകൽ 11ന്‌ ഡയാലിസിസ്‌ യൂണിറ്റുൾപ്പെടെ വിവിധപദ്ധതികൾ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യുന്നത്‌ ചരിത്രമുന്നേറ്റത്തിലേക്കാണ്‌.  
പാട്ടത്തകരമടിച്ച്‌ കന്നുകാലിത്തൊഴുത്തുപോലെ കിടന്നിരുന്ന ആശുപത്രിയെ കേരളത്തിലെ മികച്ച മെഡിക്കൽ കോളേജിലൊന്നാക്കി മാറ്റിയത്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയാണ്‌. അഞ്ച് പതിറ്റാണ്ടുമുമ്പ്‌ പൈനാവിൽ ആരംഭിച്ച ഇടുക്കി ജില്ലാ ആശുപത്രി വിവിധഘട്ടങ്ങൾ പിന്നിട്ട് ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളേജ്‌ ആയതിന്‌ പിന്നിലുള്ള പരിശ്രമം ചില്ലറയല്ല. മന്ത്രി എം എം മണിയും മുൻ എംപി ജോയ്‌സ്‌ ജോർജും നടത്തിയ നിരന്തര ഇടപെടലുകളാണ്‌ പ്രതിസന്ധികൾ തരണംചെയ്യാൻ മെഡിക്കൽ കോളേജിനെ പ്രാപ്തമാക്കിയത്.
പ്രതിദിനം ശരാശരി 750 രോഗികളെത്തുന്ന ഇവിടെ 300 കിടക്കകളുള്ള കിടത്തിചികിത്സാ സൗകര്യമുണ്ട്‌. ജനറൽ മെഡിസിൻ ഉൾപ്പെടെ പതിനഞ്ചോളം വിവിധ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാവിഭാഗങ്ങളും 31 ഡോക്ടറുമാരും 250 ജീവനക്കാരുമാണ് മെഡിക്കൽ കോളേജിന്റെ കരുത്ത്. 3.94 കോടിയുടെ  പുതിയ പരിശോധനാ ഉപകരണങ്ങളാണ് ഒരുമാസത്തിനുള്ളിൽ ക്രമീകരിക്കുക. സിടി സ്‌കാനർ, ഡിജിറ്റൽ എക്സറേ, മാമോഗ്രഫി എന്നിവയിലുള്ള ചികിത്സ സാധാരണക്കാർക്കും ഇനി ലഭിക്കും.
ചെലവുകുറയും: ഡയാലിസിസ്‌ ഇനി നമുക്ക്‌ സ്വന്തം
വൃക്കരോഗത്താൽ വലയുന്ന കുടുംബങ്ങൾക്ക്‌ ആശ്വാസമായി ഡയാലിസിസ്‌ യൂണിറ്റും ഒരുക്കി. കെഎസ്‌ഇബിയുടെ സിഎസ്ആർ ഫണ്ടിൽനിന്ന്‌ മന്ത്രി എം എം മണി 10 കോടി രൂപയാണ് ഇടുക്കി മെഡിക്കൽ കോളേജിന് അനുവദിച്ചത്. വൃക്കരോഗികൾ 100 കിലോമീറ്റർ അകലെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. 2000 മുതൽ 2500 രൂപ വരെ തുക നൽകി ഒരുതവണ ഡയാലിസിസ് നടത്താൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് മന്ത്രി എം എം മണി ഇടപെട്ട്‌ 15 ബെഡുകളുള്ള ഡയാലിസിസ് യൂണിറ്റ്‌ സാധ്യമാക്കിയത്‌. ഡയാലിസിസ് മെഷീനുകൾ, അനുബന്ധ ഉപകരണങ്ങൾ, തീവ്രപരിചരണ വിഭാഗത്തിലേക്ക് വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളും സജ്ജമാക്കി.  
ശിശുസൗഹൃദം
മികച്ച ശിശുരോഗ ചികിത്സയും പരിപാലനവുമാണ്‌ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്‌. ശിശുരോഗ വിഭാഗത്തിലേക്ക് വെന്റിലേറ്ററുകൾ, ഫോട്ടോതെറാപ്പി യൂണിറ്റ് എന്നിവയും റേഡിയോളജി വിഭാഗത്തിലേക്ക് സിടി സ്‌കാൻ, ഡിജിറ്റൽ റേഡിയോഗ്രാഫി, മാമോഗ്രാഫി ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്‌. ഗൈനക്കോളജി വിഭാഗത്തിലേക്ക് 3 ഡി/4 ഡി അൾട്രാസൗണ്ട് കളർ ഡോപ്‌ളറും മൈക്രോ ബയോളജി ലാബിലേക്ക് ബയോസേഫ്റ്റി ക്യാബിനറ്റ്, എലീസ റീഡർ, മൈനസ് ഡിഗ്രി ഫ്രീസർ എന്നിവയും ക്രമീകരിക്കും. കോവിഡ് രോഗികൾക്ക് സുരക്ഷിത പ്രസവം സാധ്യമാകുന്നതിനായി ലക്ഷം രൂപ മുടക്കി പ്രത്യേക പ്രസവ വാർഡും സജ്ജമാക്കി. ആശുപത്രിയിലേക്ക് ഹൈടെൻഷൻ വൈദ്യുതി കണക്ഷൻ തുടങ്ങി മികച്ച ഭൗതിക സൗകര്യങ്ങളും മന്ത്രി എം എം മണി അനുവദിച്ച തുകയിൽ ഒരുക്കിയിട്ടുണ്ട്.
മാറുന്നകാലം നവചികിത്സ
കാലം മാറുന്നതനുസരിച്ച്‌ രോഗങ്ങളും ചികിത്സാരീതികളും മാറുന്നു. വിവിധ ചികിത്സാ വിഭാഗങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിച്ച് രോഗീസൗഹൃദ സ്ഥാപനമാക്കി മെഡിക്കൽ കോളേജിനെ മാറ്റി. നിലവിലുള്ള ഐസിയുവിൽ ദേശീയ ആരോഗ്യദൗത്യത്തിന്റെ 35 ലക്ഷം രൂപ ഉപയോഗിച്ചുള്ള നവീകരണം പുരോഗമിക്കുകയാണ്. 24 കിടക്കകളുള്ള തീവ്ര പരിചരണ വിഭാഗം(ഐസിയു) കേന്ദ്രീകൃത ഓക്സിജൻ വിതരണ ശൃംഖല ഉൾപ്പെടെ ആധുനിക സജ്ജീകരണളൊരുക്കി. മെഡിക്കൽ കോളേജിലെ താഴത്തെ നിലയിലെ സ്റ്റെപ്ഡൗൺ ഐസിയുവിൽ റോഷി അഗസ്റ്റിൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 30 ലക്ഷം രൂപ മുടക്കി കേന്ദ്രീകൃത ഓക്സിജൻ സൗകര്യങ്ങഴളോടെ 15 ബെഡുകളും ഉൾപ്പെടുത്തി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top